ആലപ്പുഴ : ഇന്ന് പുന്നമടക്കായലിൽ നടക്കേണ്ടിയിരുന്ന എഴുപതാമത് നെഹ്റുട്രോഫി ജലോത്സവത്തിന്റെ പുതിയ തീയതി സംബന്ധിച്ച് ആലോചിക്കുന്നതിനായി ഇന്നലെയും ചർച്ച നടന്നില്ല. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി ഇന്നലെ കൂടിക്കാഴ്ച്ച നടത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും, നെഹ്റുട്രോഫി ജലമേള സംബന്ധിച്ച് ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് മന്ത്രി പി.പ്രസാദ് വ്യക്തമാക്കി. വയനാട് ദുരന്തത്തിന് പിന്നാലെ ഇന്നലെ വിവിധ ജില്ലകളിൽ ഭൂചലനത്തിന് സമാനമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. ഈ സാഹചര്യത്തിൽ നെഹ്റുട്രോഫി സംബന്ധിച്ച് ചർച്ച ചെയ്യുന്നത് ഉചിതമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബോട്ട് ക്ലബ്ബുകൾ ആശങ്കപ്പെടേണ്ടതില്ല. സ്ഥിതിഗതികൾ ശാന്തമായ ശേഷം ദിവസങ്ങൾക്കകം വിഷയം ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം നെഹ്റുട്രോഫി ജലോത്സവം നടത്താതിരുന്നാൽ വരും വർഷങ്ങളിൽ ടീമുകൾ പണം മുടക്കാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങും.
കരാർ അവസാനിച്ചു;
നഷ്ടക്കണക്കിലേക്ക്
പുന്നമടയിലെ പവലിയനുകളൊരുക്കിയ പന്തലുകാരുമായുള്ള കരാർ ഇന്ന് അവസാനിക്കും. മറ്റ് പരിപാടികൾക്ക് വേണ്ടി പന്തൽ അഴിക്കേണ്ടി വന്നാൽ പുതിയ തീയതിയിൽ പുനർനിർമ്മിക്കുന്നത് ഇറിഗേഷൻ വകുപ്പിന് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തും. ഈ വർഷം ചാമ്പ്യൻസ് ബോട്ട് ലീഗില്ലെന്ന് പ്രഖ്യാപനം വന്നതോടെ ആദ്യ ഒമ്പത് സ്ഥാനങ്ങളിലെത്തുന്ന വള്ളങ്ങൾക്കുള്ള ബോണസ് നെഹ്റുട്രോഫി സംഘാടകർ നൽകേണ്ടി വരും. ഇതിന് മാത്രമായി പ്രൈസ് മണി ഉൾപ്പടെ അറുപത് ലക്ഷം രൂപ അധികം കണ്ടത്തണം. പന്തലും ട്രാക്കും പുനർനിർമ്മിക്കേണ്ടി വന്നാൽ 25 ലക്ഷം രൂപ ആ വഴിക്കും അധികം ചെലവാകും. പുതിയ തീയതി പ്രഖ്യാപനം നീണ്ടുപോയാൽ സംഘാടകർക്ക് ഒരുകോടി രൂപയെങ്കിലും കണ്ടെത്തേണ്ടി വരും.