gah

ഹരിപ്പാട്: സ്പൈനൽ മുസ്‌ക്കുലർ അട്രോഫി (എസ്‌.എം.എ)​ എന്ന ജനിതക രോഗത്താൽ ശാരീരിക വെല്ലുവിളി നേരിടുന്ന ഗൗതമിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ഭാഗമായി. തന്റെ ഒരുവർഷത്തെ ഭിന്നശേഷി പെൻഷനായ 19200 രൂപയും അനുജത്തി കൃഷ്ണഗാഥയുടെ സമ്പാദ്യവും ചേർത്ത് 20000 രൂപ നൽകിക്കൊണ്ടാണ് കായംകുളം എം.എസ്‌.എം കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിയായ ഗൗതമി വയനാടിനൊപ്പം ചേർന്നത്.

നട്ടെല്ലുമായി ബന്ധപ്പെട്ട സ്ക്കോളിയോസിസിന്റെ ശസ്ത്രക്രിയ ഗൗതമിക്ക് 2 മാസം മുമ്പാണ് നടന്നത്. സാമ്പത്തികമായ പ്രതിസന്ധികൾക്കിടയിലും ഗൗതമിയുടെയും കുടുംബത്തിന്റെയും കനിവും കാരുണ്യവും നാടിന് മാതൃകയായി.

എസ്‌.എസ്‌.എൽ.സിക്കും പ്ലസ്ടുവിനും സഹായിയില്ലാതെ പരീക്ഷ എഴുതി ഫുൾ എ പ്ലസ് ഉൾപ്പെടെ ഉന്നത വിജയം കൈവരിച്ച ഗൗതമി സാഹിത്യം, പ്രസംഗം, ചിത്രരചന എന്നിവയിലും മികവ് തെളിയിച്ചിട്ടുണ്ട്. മുതുകുളം തെക്ക് ചാങ്ങയിൽ വടക്കതിൽ അദ്ധ്യാപകനും കെ.എസ്‌.ടി.എ പ്രവർത്തകനുമായ ജി.കൃഷ്ണകുമാറിന്റെയും ശ്രീകലയുടെയും മകളാണ് ഗൗതമി.

മുതുകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.വി.ജ്യോതിപ്രഭയുടെയും വാർഡ്‌ പ്രതിനിധി സബിത വിനോദിന്റെയും നേതൃത്വത്തിലുള്ള പഞ്ചായത്ത് പ്രതിനിധിസംഘം ഗൗതമിയുടെ വീട്ടിലെത്തി തുക ഏറ്റുവാങ്ങി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ യു.പ്രകാശ്, മഞ്ജു അനിൽകുമാർ, മെമ്പർമാരായ സുസ്മിത ദിലീപ് , എസ്‌.ഷീജ, ശുഭ ഗോപകുമാർ, സി.വി.ശ്രീജ, എ.സുനിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കായംകുളം ബി.ആർ.സി അദ്ധ്യാപകൻ വി.അനിൽ ബോസ് നന്ദി പറഞ്ഞു.