ചേർത്തല: മായിത്തറയിലും പരിസര പ്രദേശങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്നത് പതിവായി. അന്യജില്ലകളിൽ നിന്ന് ഉൾപ്പെടെ ശേഖരിക്കുന്ന മാലിന്യമാണ് ജനവാസ കേന്ദ്രങ്ങളിലും ഇടറോഡുകളുടെ വശങ്ങളിലുമായി​ രാത്രി കാലങ്ങളിൽ തള്ളുന്നത്. മായിത്തറ മാർക്കറ്റിന് തെക്ക് ഷൈനി തിയേറ്റർ ജംഗ്ഷന് കിഴക്ക് ഭാഗത്തുള്ള കലുങ്കിന്റെ ഇരുവശവും തോട്ടിലും,തോടിന്റെ ചിറയിലും പതി​വായി​ കക്കൂസ് മാലി​ന്യം തള്ളുന്നതായി​ പ്രദേശവാസി​കൾ പറയുന്നു. ദിവസേന നൂറുകണക്കിന് യാത്രക്കാർ കടന്നു പോകുന്ന വഴി​യാണി​ത്. യാത്രക്കാർ മൂക്കുപൊത്തി സഞ്ചരിക്കേണ്ട അവസ്ഥയാണ് നി​ലവി​ലുള്ളത്. റോഡിന്റെ തെക്ക് ഭാഗം കഞ്ഞിക്കുഴി പഞ്ചായത്ത് 18ാം വാർഡും,വടക്കു ഭാഗം ഒന്നാം വാർഡുമാണ്. മാരാരിക്കുളം പൊലീസിൽ നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. രാത്രി കാലങ്ങളിൽ പൊലീസ് പട്രോളിംഗി​ന് എത്തിയിട്ട് ആഴ്ചകളായെന്നാണ് പ്രദേശവാസികളുടെ പരാതി. ആയുധങ്ങളുമായി എത്തുന്ന മാലിന്യ വാഹനക്കാരെ പ്രതിരോധിക്കാൻ ശക്തമായ പൊലീസ് ഇടപെടൽ ആവശ്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം.