കായംകുളം : ഡി.സി.സി വൈസ് പ്രസിഡന്റ് പി.എസ് ബാബുരാജിന്റെ നിര്യാണത്തിലൂടെ കായംകുളത്തെ കോൺഗ്രസിനു നഷ്ടമായത് ഉന്നതബന്ധങ്ങൾ ഉള്ള നേതാവിനെ. എ.കെ.ആന്റണി,ഉമ്മൻചാണ്ടി എന്നീ നേതാക്കളുമായി അടുത്ത സൗഹൃദം ബാബുരാജിന് ഉണ്ടായിരുന്നു.
രാഷ്ട്രീയത്തോടൊപ്പം അഭിഭാഷക വൃത്തിയിലും എസ്.എൻ.ഡി.പി യോഗത്തിലും സജീവമായിരുന്നു. 1990 മുതൽ 94 വരെ എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. 94 മുതൽ 98 വരെ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. രണ്ട് തവണ ഡയറക്ടർ ബോർഡ് അംഗമായി.
ഒരു പതിറ്റാണ്ടിലേറെയായി കായംകുളത്തെ യു.ഡി.എഫ് കൺവീനർ ആയിരുന്നു. മികച്ച ഭരണകർത്താവ് എന്ന നിലയിലും കഴിവുതെളിയിച്ചിരുന്നു. കരീലക്കുളങ്ങര സ്പിന്നിംഗ് മിൽ ചെയർമാനായിരുന്ന കാലത്ത് കേന്ദ്രത്തിൽനിന്ന് 30 കോടിയുടെ വികസനപ ദ്ധതികൾ നേടിയെടുക്കാൻ മുന്നിൽനിന്നു. റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗമായിരുന്ന ബാബുരാജ് കായംകുളം റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സജീവമായി ഇടപെട്ടിരുന്നു.
വിദ്യാർഥിരാഷ്ടീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. എം.എസ്.എം. കോളേജിൽ യൂണിയൻ ചെയർമാനായിരുന്നു. ബാബുരാജിന്റെ മൃതദേഹം ഇന്ന് രാവിലെ 9ന് കോൺഗ്രസ് ഓഫീസിൽ പൊതുദർശനത്തിന് വച്ചശേഷം11 മണിക്ക് കായംകുളം പുതിയിടം ബ്രഹ്മവിദ്യാമന്ദിരത്തിൽ സംസ്കരിക്കും.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, മന്ത്രി സജി ചെറിയാൻ, എ.ഐ.സി.സി സെക്രട്ടറിമാരായ പി.സി വിഷ്ണുനാഥ് എം.എൽ.എ, വിശ്വനാഥ പെരുമാൾ, നേതാക്കളായ വി.എം സുധീരൻ, പന്തളം സുധാകരൻ ,ജോസഫ് എം. പുതുശ്ശേരി, കെ.പി ശ്രീകുമാർ,പന്തളം സുധാകരൻ തുടങ്ങിയ നേതാക്കൾ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.