vishnu

ആലപ്പുഴ: ചരക്കുകപ്പലിൽ നിന്ന് മലേഷ്യൻ കടലിൽ കാണാതായ പുന്നപ്ര പത്താം വാർഡിൽ വൃന്ദാവനം വീട്ടിൽ ബാബുവിന്റെ മകൻ വിഷ്ണുസാബുവിനായുള്ള (25) അന്വേഷണത്തിനോ തെരച്ചിലിനോ മൂന്നാഴ്ച കഴിഞ്ഞിട്ടും നടപടിയില്ല. സംഭവത്തിലെ ദുരൂഹത നീക്കണമെന്നും ഇന്തോനേഷ്യൻ- മലേഷ്യൻ സർക്കാരുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കും ജനപ്രതിനിധികൾക്കും സമർപ്പിച്ച അപേക്ഷകളിൽ യാതൊരു അന്വേഷണവും നടന്നിട്ടില്ലെന്ന് വിഷ്ണുബാബുവിന്റെ പിതാവ് ബാബു പറഞ്ഞു. കേന്ദ്ര മന്ത്രിമാർ മുതൽ ജില്ലാ പൊലീസ് മേധാവിവരെയുള്ളവർക്ക് സമർപ്പിച്ച അപേക്ഷകളിലാണ് നടപടി ഉണ്ടാകാത്തതെന്ന് റിട്ട.ലീഗൽ മെട്രോളജി ജീവനക്കാരൻ കൂടിയായ ബാബു പറഞ്ഞു.

വിഷ്ണുവിന്റെ പഴ്സും ഫോണും വസ്ത്രങ്ങളുമുൾപ്പെടെ കഴിഞ്ഞദിവസം വീട്ടുകാർക്ക് കൈമാറിയെങ്കിലും വ്യക്തമായ യാതൊരു സൂചനയും നൽകാൻ കപ്പൽകമ്പനിക്കും കഴിഞ്ഞിട്ടില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി, കെ.സി.വേണുഗോപാൽ എം.പി, മുഖ്യമന്ത്രി, എച്ച്.സലാം എം.എൽ.എ എന്നിവർക്ക് അപേക്ഷ നൽകിയതെന്ന് ബാബു മാദ്ധ്യമങ്ങളോട് പറഞ്ഞു. സഹോദര പുത്രൻ ശ്യാംബേബി, പൊതുപ്രവർത്തകൻ എസ്.പ്രഭുകുമാർ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

കണ്ണീരൊഴിയാതെ സിന്ധു

നിറകണ്ണുകളോടെ മകന്റെ മടങ്ങിവരവിനായുള്ള കാത്തിരിപ്പിലാണ് മാതാവ് സിന്ധു.

കഴിഞ്ഞ ദിവസം കപ്പൽ കമ്പനി വീട്ടിലെത്തിച്ച ബാഗിലുണ്ടയിരുന്ന മകന്റെ വസ്ത്രങ്ങളെല്ലാം സിന്ധു കഴുകി ഉണക്കി. വിഷ്ണു നാട്ടിലെത്തുമ്പോൾ ഉപയോഗിക്കാനായി ഇവ അലമാരയിൽ അടുക്കിവച്ചിട്ടുണ്ട്. വിഷ്ണു കടലിൽ വീണതായി കപ്പലിൽ നിന്ന് വിവരം ലഭിച്ചെങ്കിലും അവൻ സുരക്ഷിതനാണെന്നും തിരികെ വരുമെന്നുമുള്ള പ്രതീക്ഷയിലാണ് സിന്ധു.

മകന്റെ മടങ്ങിവരവിനായി നേർച്ച നേർന്ന് ദിവസങ്ങൾ തളളിനീക്കുന്ന അമ്മയുടെ മനസിൽ സങ്കടക്കടലിരിമ്പുകയാണ്.

കപ്പലിൽ ക്യാമറയില്ല,​

തെരച്ചിലിൽ ഫലമില്ല

ഒന്നര മാസം മുമ്പാണ് സെൻസായി മറൈൻ കമ്പനിയുടെ എസ്.എസ്.ഐ റിസല്യൂട്ടെന്ന ചരക്ക് കപ്പലിൽ വിഷ്ണു ജോലിക്ക് ചേർന്നത്. ഒഡീഷ്യയിലെ പാരദ്വീപ് തുറമുഖത്ത് നിന്ന് സിംഗപ്പൂർ വഴി ചൈനയിലേക്ക് പോകുംവഴി 17ന് രാത്രി 9.45നാണ് ഇന്തോനേഷ്യയ്ക്കും മലേഷ്യയ്ക്കും ഇടയിലുള്ള മലാക്കാ സ്ട്രൈറ്റിൽ വീണിട്ടുണ്ടാകുമെന്നാണ് ഷിപ്പിംഗ് കമ്പനി ഡയറക്ടർമാരിലൊരാളായ അശ്വിൻ അറിയിച്ചത്. വിഷ്ണുവിന്റെ ചെരുപ്പുകൾ കപ്പലിൽ കണ്ടെത്തിയിട്ടുണ്ട്. രാവിലെ അലാം മുഴങ്ങിയിട്ടും റിപ്പോർട്ട് ചെയ്യാതിരുന്നപ്പോഴാണ് വിഷ്ണുവിനായി തെരച്ചിൽ ആരംഭിച്ചത്. ക്യാമറ സംവിധാനമില്ലാത്ത ചരക്കുകപ്പലിൽ വിഷ്ണുവിനെന്ത് സംഭവിച്ചുവെന്നതിൽ ആർക്കും വ്യക്തതയില്ല. 43 കിലോമീറ്ററിൽ മാത്രമാണ് മലേഷ്യൻ കോസ്റ്റൽ സംഘം തെരച്ചിൽ നടത്തിയത്.

ഒരുമാസത്തെ

പെൻഷൻ വയനാടിന്

മകന്റെ തിരോധാനം ഉത്തരമില്ലാത്ത ചോദ്യമായി തുടരുമ്പോഴും വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവർക്കായി തന്റെ ഒരു മാസത്തെ പെൻഷൻ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ബാബു അറിയിച്ചു.