photo

ആലപ്പുഴ : അവിവാഹിതനായ മദ്ധ്യവയസ്‌കനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭ ബീച്ച് വാർഡിൽ തൈപ്പറമ്പിൽ പരേതനായ സുദർശനൻ -രാജമ്മ ദമ്പതികളുടെ മകൻ ടി.എസ്.സജുവിനെയാണ് (52)

ഇന്നലെ പുലർച്ചെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ബന്ധു വീട്ടിലായുരുന്ന അമ്മ ഇന്നലെ രാവിലെ വീട്ടിലെത്തി കതക് തുറന്നപ്പോഴാണ് സജു മരിച്ച് കിടക്കുന്നത് കണ്ടത്. തല ഭാഗം അടുക്കളയിലും ശരീരഭാഗം മുറിയിലുമായി കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഡൈനിംഗ് ടേബിളിൽ പകുതി ഉപയോഗിച്ച മദ്യവുമായി കുപ്പിയും ഒരു ഗ്ലാസിൽ മദ്യവും കാണപ്പെട്ടു. അഞ്ചു ഗ്ലാസുകളും മേശയ്ക്ക് സമീപം അഞ്ച് കസേരകളും ഉണ്ടായിരുന്നു. മദ്യപിക്കുന്ന സ്വഭാവക്കാരനായ സജുവിനൊപ്പം മറ്റാരെങ്കിലും മദ്യപിക്കാനുണ്ടായിരുന്നോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സൗത്ത് പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. സഹോദരങ്ങൾ : ബിജു, മഞ്ജു.