mulla

ആലപ്പുഴ: നഗരഹൃദയത്തിലെ തിരക്കേറിയ റോഡുകളിലൊന്നായ പിച്ചുഅയ്യർ- മുല്ലയ്ക്കൽ തെരുവ്- കോടതിപ്പാലം റോഡ് കൈയ്യടക്കി വഴിവാണിഭക്കാർ. റോഡിന്റെ ഇരുവശവും വഴിയോരക്കച്ചവടക്കാരുടെ കൈകളിൽ അകപ്പെട്ടതോടെ കാൽനടക്കാർക്കും വാഹനങ്ങൾക്കും സഞ്ചരിക്കാൻ ഇടമില്ലാതായി. ആലപ്പുഴയിലെ പ്രധാന കമ്പോളങ്ങളിലൊന്നായ മുല്ലയ്ക്കലിൽ അംഗീകൃത കച്ചവടക്കാരുടെ നാലിരട്ടിയാണ് അനധികൃത കച്ചവടക്കാർ. പിച്ചു അയ്യർ ജംഗ്ഷനിൽ നിന്ന് നഗരഹൃദയത്തിലേക്ക് പ്രവേശിക്കുന്നത് മുതൽ,​ കോടതിപ്പാലത്തിന് സമീപം റോഡ് അവസാനിക്കുന്നിടത്തുവരെ ഇരുവശങ്ങളിലും മത്സരിച്ചാണ് കച്ചവടം. ഉന്തുവണ്ടികളും പെട്ടിഓട്ടോയും ഉൾപ്പടെ നിരനിരയായിട്ടും നിരത്തുവക്കുകളിൽ ചെറിയ കടകളും തട്ടും കെട്ടിയുണ്ടാക്കിയും കാൽനടയാത്രക്കാ‌ർക്ക് സഞ്ചരിക്കാനുള്ള ഫുട് പാത്തും റോഡും കച്ചവടക്കാർ കൈയടക്കിയതോടെ വാഹനഗതാഗതം ദുഷ്കരമായി.

കൈയേറ്റം ലോകോത്തര റോഡുകളിൽ

1.റെയിൽവേ സ്റ്റേഷൻ, അമ്പലപ്പുഴ ഭാഗങ്ങളിൽ നിന്ന് കലവൂർ ഭാഗത്തേക്ക് വരുന്ന സ്വകാര്യ ബസുകൾ പിച്ചു അയ്യർ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് മുല്ലയ്ക്കൽ, പഴവങ്ങാടി, ഔട്ട് പോസ്റ്റ്, കോടതിപ്പാലം, ബോട്ട് ജെട്ടിവഴിയാണ് പോകുന്നത്. നേരം പുലരുന്നത് മുതൽ വൈകും വരെ കച്ചവടം കൊഴുക്കുന്നതോടെ റോഡ് അപകടക്കെണിയായി മാറുകയാണ്

2.സ്കൂൾ സമയത്താണ് ഗതാഗത കുരുക്ക് ഏറ്രവും രൂക്ഷമാകുന്നത്. റോഡുകൾ കച്ചവടക്കാരുടെ കൈയിലകപ്പെട്ടതോടെ നഗരത്തിലെ വിവിധ സ്കൂളുകളിലേക്കും തിരിച്ചുമുള്ള കുട്ടികളുടെ സഞ്ചാരം നടുറോഡിലൂടെയാണ്. നഗരസഭയുടെയും പൊലീസിന്റെയും ഒത്താശയോടെയാണ് അനധികൃത കച്ചവടക്കാരുടെ കൈയേറ്റം

3.നെഹ്രുട്രോഫി വള്ളംകളിയും ഓണവും വരാനിരിക്കെ വരുംദിവസങ്ങളിൽ അന്യസംസ്ഥാന കച്ചവടക്കാർ കൂടി എത്തുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർ‌ണമാകാനാണ് സാദ്ധ്യത. ഗതാഗത കുരുക്ക് ഒഴിവാക്കി നഗരഗതാഗതം സുഗമമാക്കാൻ ലോകോത്തര നിലവാരത്തിൽ നിർമ്മിച്ച വൈറ്റ് ടോപ്പ് റോഡുകളാണ് ഇത്തരത്തിൽ അനധികൃതമായി കൈയേറിയിരിക്കുന്നത്

.........................

വഴിവാണിഭക്കാർ ഫുട് പാത്ത് കൈയടക്കിയിരിക്കുന്നതിനാൽ കോടതിപ്പാലം- പിച്ചു അയ്യർ റോഡിൽ കാൽനടയാത്ര പോലും അസാദ്ധ്യമാണ്. കൈയേറ്റം ഒഴിപ്പിച്ച് റോഡുകൾ ഗതാഗത യോഗ്യമാക്കണം

-സതീഷ് കുമാർ, വഴിയാത്രക്കാരൻ

..............................

നഗരത്തിലെ റോഡുകളിലെ വഴിവാണിഭക്കാരുടെ കൈയേറ്രം പരിശോധിച്ചശേഷം അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കും

- മധുബാബു, ഡിവൈ.എസ്.പി , ആലപ്പുഴ.