മുഹമ്മ: രാജീവ് ഗാന്ധി ഫൗണ്ടേഷൻ നിർധന ക്യാൻസർ ഡയാലിസിസ് രോഗികൾക്കായി നൽകി വരുന്ന പെൻഷൻ പദ്ധതി ഏഴാം വർഷത്തിലേക്ക്. എല്ലാ മാസവും പത്താം തീയതി 100 രോഗികൾക്കാണ് 500 രൂപയുടെ പെൻഷൻ ഫൗണ്ടേഷന്റെ മണ്ണഞ്ചേരി ഓഫീസിൽ നിന്ന് വിതരണം നടത്തുന്നത്. അഭ്യുദയകാംക്ഷികളിൽ നിന്നുള്ള സഹായവും ഫൗണ്ടേഷൻ ധനശേഖരണത്തിലൂടെ സ്വരൂപിക്കുന്ന പണവും ഉപയോഗിച്ചാണ് പെൻഷൻ പദ്ധതി മുടക്കം കൂടാതെ നടത്തിവരുന്നത്. ഒരു വർഷം ഇതിനായി മാത്രം 6 ലക്ഷം രൂപ വേണ്ടിവരും. ഇതിനകം 36 ലക്ഷം രൂപ പെൻഷൻ ഇനത്തിൽ ഫൗണ്ടേഷൻ വിതരണം ചെയ്തു. പെൻഷൻ സഹായത്തിനായി നിരവധി അപേക്ഷകൾ ഇപ്പോഴും ഫൗണ്ടേഷന് ലഭിക്കുന്നുണ്ട്.
ഫൗണ്ടേഷൻ കമ്മിറ്റി അപേക്ഷകളുടെ അർഹത പരിശോധിച്ചിട്ടാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. മറ്റു നിരവധി പരിപാടികളും ഫൗണ്ടേഷൻ നടപ്പിലാക്കിവരുന്നു. അമൃത മെഡിക്കൽ സയൻസസുമായി ചേർന്നു നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പിൽ രണ്ടായിരത്തിലേറെ പേരാണ് പങ്കെടുത്തത്. പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് മെറിറ്റ് വാർഡും സാമൂഹിക സാംസ്കാരിക ആരോഗ്യ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചിട്ടുള്ളവർക്കുള്ള ആദരവും ഫൗണ്ടേഷൻ നൽകിവരുന്നു. കെ.വി.മേഘനാദൻ പ്രസിഡന്റും ബി.അനസ് വൈസ് പ്രസിഡന്റും എം.വി.സുനിൽകുമാർ സെക്രട്ടറിയും എൻ.എസ്. സന്തോഷ് ട്രഷററും റംലബീവി ജോയിന്റ് സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് ഫൗണ്ടേഷന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. ഏഴാം വർഷത്തിലേക്കുള്ള പെൻഷൻ വിതരണം ഫൗണ്ടേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ കെ. വി.മേഘനാദൻ വിതരണം ചെയ്തു.