
മാന്നാർ: വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപെട്ടവർക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ നിർമ്മിച്ച് നൽകുന്ന വീടുകൾക്ക് വേണ്ടിയുള്ള ധനസമാഹരണത്തിലേക്ക് പതിനായിരം രൂപയും മാന്നാർ പഞ്ചായത്ത് എട്ടാം വാർഡിൽ നിർധന കുടുംബത്തിന് കെ.ആർ.സി വായനശാല നിർമ്മിച്ചു നൽകുന്ന വീടിന് അയ്യായിരം രൂപയും മാന്നാർ നാഷണൽ ഗ്രന്ഥശാല നൽകി. ഗ്രന്ഥശാല സംഘത്തിനു വേണ്ടി സംസ്ഥാന നിർവാഹക സമിതി അംഗം ജി.കൃഷ്ണകുമാർ തുക ഏറ്റുവാങ്ങി. ഗ്രന്ഥശാല സംഘം മുഖ മാസികയായ ഗ്രന്ഥാലോകത്തിന്റെ വാർഷിക വരിസംഖ്യ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.ഷാജ് ലാൽ ഏറ്റുവാങ്ങി. യോഗത്തിൽ നാഷണൽ ഗ്രന്ഥശാല പ്രസിഡന്റ് ആർ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. താലുക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൽ.പി സത്യപ്രകാശ്, കെ.ആർ.സി വായനശാല പ്രസിഡന്റ് സലിം പടിപ്പുരയ്ക്കൽ, ഗണേഷ് കുമാർ.ജി, ത്രിവിക്രമൻ പിള്ള കെ.ജി , റ്റി.എസ് ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.