കുട്ടനാട്: കാവാലം - തട്ടാശ്ശേരി പാലത്തിനായുള്ള നാട്ടുകാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പ് അടുത്ത കാലത്തൊന്നും തീരുന്ന ലക്ഷണമില്ല. നിർമ്മാണത്തിനായി 52.5 കോടിരൂപ അനുവദിച്ച് മാസങ്ങൾ കഴിഞ്ഞെങ്കിലും ടെണ്ടർ ഉൾപ്പെടെയുള്ള നടപടികൾ വൈകുന്നതാണ് കാത്തിരിപ്പ് അനന്തമായി നീളാൻ കാരണം.
ദിവസേന നൂറുകണക്കിന് ആളുകളും വാഹനങ്ങളും ആറ് മുറിച്ചുകടക്കാനായി ബുദ്ധിമുട്ടുന്ന ഇവിടെ നല്ലൊരു പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് കുട്ടനാടിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്താണ് പാലം നിർമ്മിക്കാൻ ബഡ്ജറ്റിൽ 30 കോടി രൂപ വകയിരുത്തി. എന്നാൽ, നിർമ്മാണനടപടികൾ ദേശീയ ജലപാത നിയമക്കുരുക്കിൽപ്പെട്ടതോടെ വീണ്ടും വൈകിയെന്നുമാത്രമല്ല എസ്റ്റിമേറ്റ് 52.5 കോടിയായി പുതുക്കി നിശ്ചയിക്കേണ്ടിയും വന്നു. തുടർന്ന് പ്രദേശത്തെ തടസങ്ങൾ നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും കഴിഞ്ഞ ആഴ്ച മാത്രമാണ് കെട്ടിടങ്ങളും മറ്റും പൊളിച്ചുമാറ്റുന്ന ജോലികളിലേക്ക് കടക്കാനായത്. ഇതിനായി 11 കോടി രൂപയോളം എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതായിട്ടാണ് അറിയുന്നത്.
ഇത് പൂർത്തിയാക്കി ടെണ്ടർ ഉൾപ്പെടെയുള്ള നടപടികളിലേക്ക് എന്ന് കടക്കാനാകുമെന്ന്
പറയാൻ പോലും കഴിയാത്ത അവസ്ഥയിലാണ് അധികൃതർ. അതായത്, പാലം യാഥാർത്ഥ്യമാകാൻ നാട്ടുകാർ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ചുരുക്കം.
കാത്തിരിക്കുകയേ നിവൃത്തിയുള്ളു
1. ഒന്നാം പിണറായിസർക്കാരിന്റെ കാലത്ത്പുതിയ പാലത്തിനായി 30 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയെങ്കിലും തടസങ്ങൾ നീക്കാനായില്ല
2. എസ്റ്റിമേറ്റ് പുതുക്കി 52.5 കോടിയായി നിശ്ചയിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതും തടസമായി നിൽക്കുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതുമായ നടപടികൾ നീണ്ടുപോയി
3 തടസം നീക്കുന്നതിന് 11 കോടി അനുവദിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കുന്ന ജോലി പൂർത്തിയാക്കി കെട്ടിടങ്ങൾ പൊളിക്കുന്ന നടപടി ആരംഭിച്ചത് കഴിഞ്ഞ ആഴ്ച
4 ടെണ്ടർ നടപടികൾ എന്നത്തേയ്ക്ക് പൂർത്തിയാകുമെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് പോലും ഒരു വ്യക്തത വന്നിട്ടില്ല