മാന്നാർ : തൃക്കുരട്ടി മഹാദേവാസമിതിയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ചക്കാലം തൃക്കുരട്ടി മഹാദേവ ക്ഷേത്രാങ്കണത്തിൽ നടന്നുവന്ന 22ാമത് അഖില കേരള രാമായണമേള ഇന്ന് സമാപിക്കും. വൈകിട്ട് 4.30ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും. സംഗീതസംവിധായകനും പിന്നണിഗായകനുമായ എം.ജയചന്ദ്രന് ഈ വർഷത്തെ രാമായണ പുരസ്‌ക്കാരം പി.സി.വിഷ്ണുനാഥ് എം.എൽ.എ സമ്മാനിക്കും. ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ വിദ്യാലയത്തിനുള്ള എവർറോളിംഗ് ട്രോഫി വിതരണം ചലച്ചിത്ര താരം പ്രിയങ്കനായർ നിർവ്വഹിക്കും. മത്സരവിജയികൾക്ക് ദേവസ്വം ബോർഡ് മെമ്പർ അഡ്വ.എ. അജികുമാർ, സംഗീതസംവിധായകൻ എം.ജയചന്ദ്രൻ, പത്തനംതിട്ട ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ എൻ.ശ്രീധരശർമ്മ, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി, ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജി.ബൈജു, മാവേലിക്കര ദേവസ്വം എക്സി.എഞ്ചിനീയർ എസ്.വിജയമോഹൻ തുടങ്ങിയവർ സമ്മാനദാനം നിർവ്വഹിക്കും. രാമായണപ്രതിഭകൾക്കുള്ള സ്വർണ്ണ നാണയ വിതരണം പുളിമൂട്ടിൽ പി.എ.ഗണപതി ആചാരി നിർവ്വഹിക്കും.