അമ്പലപ്പുഴ: ഉരുൾപൊട്ടൽ ദുരിതം വിതച്ച വയനാടിന്റെ വേദനയൊപ്പാൻ ഡി.വൈ.എഫ്.ഐയുടെ നാടൻ ചായക്കട. പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂർ ജംഗ്ഷന് വടക്ക് തൂക്കുകുളത്തിന് സമീപം ദേശീയപാതയോരത്താണ് ഡി.വൈ.എഫ്.ഐ പുന്നപ്ര വടക്ക് മേഖല കമ്മിറ്റി "വയനാടിനുവേണ്ടി നാടൻ ചായക്കട" ആരംഭിച്ചത്. ഇഷ്ടമുള്ളത് കഴിക്കാം , ഇഷ്ടമുള്ളതു നൽകാം എന്ന മുദ്രാവാക്യത്തോടെ തുടക്കം കുറിച്ച കടയിൽ, ചായക്കൊപ്പം വിവിധതരം പൊരി പലഹാരങ്ങളുമുണ്ട്. ദോശയും ചമ്മന്തിയും, കപ്പയും മീൻ കറിയുമെല്ലാം വരും ദിവസങ്ങളിൽ പ്രവർത്തകർ സജ്ജമാക്കും. എച്ച്. സലാം എം .എൽ .എ കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് നസീർ സലാമിന് ചായയും പലഹാരങ്ങളും നൽകി പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ഇതോടൊപ്പം ഒരു വർഷ ഗ്യാരന്റിയോടെ 100 രൂപക്കു നൽകുന്ന 9 വാട്സിന്റെ സി.എഫ് ലാമ്പിന്റഎ വിൽപ്പന ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. ആർ. രാഹുൽ നിർവ്വഹിച്ചു. മേഖല പ്രസിഡന്റ് എ. അനിൽകുമാർ അദ്ധ്യക്ഷനായി.സി.പി. എം പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. പി .ഗുരുലാൽ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അജ്മൽ ഹസൻ, പ്രസിഡന്റ് എ .അരുൺ ലാൽ, ശിഖിൽ രാജ്, അഞ്ജു എസ് റാം, ചന്തു മോഹൻ, കെ. യു .മധു, മനു മോഹൻ, കെ .കെ .രാജേന്ദ്രൻ, ശ്രീകുമാർ എന്നിവർ പങ്കെടുത്തു. മേഖല സെക്രട്ടറി അശ്വിൻ കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു.