ആലപ്പുഴ : വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ മരണമടഞ്ഞ മുഴുവൻ ജീവജാലങ്ങളുടെയും ആത്മാവിന്റെ നിത്യശാന്തിക്കായി മുല്ലയ്ക്കൽ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ മഹാസഹസ്ര നാമാർച്ചന ഇന്ന് നടക്കും. ആറാമത് കോടി അർച്ചന മഹായജ്ഞം 16ന് ലക്ഷദീപത്തോടെ സമാപിക്കും. ഇന്ന് വൈകിട്ട് 3ന് മഹാസഹസ്ര നാമാർച്ചനയ്ക്കായി മുല്ലയ്ക്കൽ ക്ഷേത്രത്തിലെ കൊടിമരത്തിന് മുൻവശത്ത് ദേവീസന്നിധിയിൽ മണ്ഡപം ഒരുക്കും. തുടർന്ന് മഹാസഹസ്ര നാമാർച്ചന സമർപ്പിക്കും. പുതുമനഇല്ലത്തിലെ തന്ത്രിമുഖ്യൻമാരായ മധുസൂദനൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, ദാമോദരൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലും ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിൽ രൂപീകൃതമായ കോടി അർച്ചന നിർവാഹകസമിതിയുടെ ആഭിമുഖ്യത്തിലാണ് കോടി അർച്ചന മഹായജ്ഞവും മഹാസഹസ്ര നാമാർച്ചനയും നടക്കുന്നത്.