arr

അരൂർ: പൊളിഞ്ഞു വീഴാറായ വാടക കെട്ടിടത്തിൽ ആറ് വർഷമായി പ്രവർത്തിക്കുന്ന അരൂർ ഫയർസ്റ്റേഷന് പറയാനുള്ളത് പരാധീനതകളുടെ സാക്ഷ്യങ്ങൾ. എറണാകുളം, ആലപ്പുഴ ജില്ലകളുടെ അതിർത്തി പങ്കിടുന്ന അരൂർ വ്യവസായ കേന്ദ്രത്തിലാണ് ഫയർ സ്റ്റേഷനുള്ളത്.

മൂന്ന് വശവും വെള്ളത്താൽ ചുറ്റപ്പെട്ട അരൂരിലെ കായലുകളിൽ പാലത്തിൽ നിന്ന് ചാടിയുള്ള ആത്മഹത്യയടക്കം നിരവധി അത്യാഹിതങ്ങൾ പതിവായി സംഭവിക്കാറുണ്ട്. എന്നാൽ,​ ആധുനിക വാഹനങ്ങളും വേണ്ടത്ര ഉപകരണങ്ങളുമില്ലാതെ ഫയർഫോഴ്സ് രക്ഷാദൗത്യസംഘത്തിന് പലപ്പോഴും വിയർത്തുനിൽക്കാനാണ് വിധി.

വ്യവസായ എസ്റ്റേറ്റിലും ദേശീയപാതയിലും മറ്റ് പ്രദേശങ്ങളിലും അപകടങ്ങളും അഗ്നിബാധയും മറ്റും ഉണ്ടാകുമ്പോൾ ആദ്യമെത്തുക അരൂർ ഫയർഫോഴ്സാണ്. മാസത്തിൽ ശരാശരി രണ്ട് ഡസനോളം ഫോൺ വിളികൾ സ്റ്റേഷനിൽ എത്താറുണ്ട്.

ജില്ലയിലെ പ്രധാനപ്പെട്ട വ്യവസായ എസ്റ്റേറ്റായ അരൂരിൽ ചെറുതും വലുതുമായ 100 വ്യവസായ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. നിരവധി സമുദ്രോല്പന്ന കയറ്റുമതി കേന്ദ്രങ്ങളും പെയിന്റ്, ഐസ് തുടങ്ങിയ നിർമ്മാണ കമ്പനികളുമുണ്ട്. സമുദ്രോല്പന്ന സംസ്ക്കരണ കയറ്റുമതി സ്ഥാപനങ്ങളിൽ അമോണിയ ചോർച്ച പതിവാണ്. എന്നാൽ,​ സ്ഥാപനത്തിലെ അമോണിയ സ്യൂട്ട് കടം വാങ്ങി രക്ഷാപ്രവർത്തനം നടത്തേണ്ട ഗതികേടിലാണ് സേനാംഗങ്ങൾ.

വാഹനങ്ങളും ഉപകരണങ്ങളുമില്ല

1.മൊബൈൽ ടാങ്ക് യൂണിറ്റ് (എം.ടി.യു) രണ്ട്, ആംബുലൻസ്, മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ, ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ (എഫ്. ആർ.വി ) എന്നിങ്ങനെയാണ് സ്റ്റേഷനിലെ വാഹനങ്ങൾ. അതിൽ മൊബൈൽ ടാങ്ക് യൂണിറ്റിൽ ഒരെണ്ണം 15 വർഷം കാലാവധി കഴിഞ്ഞതിനാൽ റോഡിലിറക്കാനാവില്ല

2.ഏക മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ ആകട്ടെ തകരാറിനെ തുടർന്ന് ചെങ്ങന്നൂരിലെ സർക്കാർ വക വർക്ക് ഷോപ്പിലുമാണ്. ബാറ്ററിയില്ലാത്തതിനാൽ ഏക ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ നോക്കുകുത്തിയുമായി. റബർഡിങ്കി, യമഹ എൻജിൻ എന്നിവ ഉണ്ടെങ്കിലും അവ കയറ്റികൊണ്ടുപോകാൻ വാഹനമില്ലാത്ത സ്ഥിതിയാണ്

3.ഇടവഴികളിലൂടെ പാഞ്ഞെത്താൻ ചെറിയ ഫയർ എൻജിൻ വാഹനങ്ങൾ ഇല്ലാത്തത്

ഉൾപ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് തടസമാകുന്നുണ്ട്. സ്വന്തമായി ജീപ്പില്ലാത്തതിന്റെ ദുരിതമേറെ. ഓഫീസ് ആവശ്യങ്ങൾക്കും മറ്റ് യാത്രകൾക്കും കൂടുതൽ സേനാംഗങ്ങളെ എത്തിക്കാനും ആംബുലൻസാണ് ആശ്രയം

4. ആവശ്യത്തിന് സ്ഥലവും പണവുമുണ്ടെങ്കിലും പല കാരണങ്ങളാലും സ്വന്തം കെട്ടിടമെന്ന സ്വപ്നം ഇതുവരെ സഫലമായിട്ടില്ല. സാധാരണ ഫയർസ്റ്റേഷനുകളിൽ 24 സേനാംഗങ്ങൾ ഉള്ളപ്പോൾ അരൂരിൽ 12 പേർ മാത്രമാണുള്ളത്. ഇതുകാരണം മിനി ഫയർസ്റ്റേഷൻ എന്നാണ് അറിയപ്പെടുന്നത്

അരൂർഫയർ സ്റ്റേഷൻ

തുടക്കം : 2018