ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഓണാഘോഷ പരിപാരികൾ വേണ്ടെന്നുവച്ചു. സമിതികൾക്കോ, സംഘടനകൾക്കോ തീരുമാനം ബാധകമല്ലെങ്കിലും നാടിനോട് ഐക്യപ്പെട്ട് പലരും ഈ വർഷത്തെ ഓണപ്പരിപാടികൾ വേണ്ടെന്ന ആലോചനയിലേക്ക് എത്തുകയാണ്. ഇതോടെ, ഓണ സീസൺ ലക്ഷ്യമാക്കി ലക്ഷങ്ങൾ മുതൽ മുടക്കിയ കലാകാരന്മാരും വ്യാപാരികളും ഭാവി എന്തെന്ന അനിശ്ചിതത്വത്തിലും ആശങ്കയിലുമായി.
വസ്ത്ര വ്യാപാര മേഖലയിൽ ഏറ്റവും കൂടുതൽ വിറ്റുവരവ് നടക്കുന്ന കാലമാണ് ചിങ്ങമാസം. ഓണാഘോഷവും, കല്യാണ സീസണും ഒരുമിച്ചെത്തുന്ന സമയം. കൊവിഡ് കാലത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറി കഴിഞ്ഞ രണ്ട് വർഷങ്ങളിലും വിപണി ഉഷാറായി വന്നിരുന്നു. പ്രതീക്ഷയോടെ ഈ വർഷവും പുതിയ സ്റ്റോക്കിനുള്ള ഓർഡറുകൾ വ്യാപാരികൾ കൈമാറിക്കഴിഞ്ഞു. ആഘോഷങ്ങൾ ഒഴിവാക്കപ്പെട്ടാൽ വ്യാപാരം ഇടിയുമെന്ന ആശങ്കയാണ് കച്ചവടക്കാർക്കുള്ളത്. വസ്ത്ര വിപണി മാത്രമല്ല, ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാ സാധനങ്ങളും വലിയ തോതിൽ വിറ്റഴിക്കപ്പെടുന്ന കാലമാണ് ഓണ സീസൺ. ഇത് മുന്നിൽ കണ്ടുള്ള ഒരുക്കമാണ് എല്ലാ വിഭാഗം വ്യാപാരികളും നടത്തിയിരുന്നത്.
സീസൺ നഷ്ടം, വരുമാനം ഇടിയും
ഓണാഘോഷ പരിപാടികൾക്ക് ടീമുകളെ ബുക്ക് ചെയ്തിരുന്ന പല സമിതികളും ടീം മാനേജർമാരെ കഴിഞ്ഞ ദിവസങ്ങളിൽ വിളിച്ചിരുന്നു. പരിപാടി നടത്തുമോയെന്ന് ആലോചിച്ച് പറയാമെന്നാണ് സംഘാടകർ അറിയിച്ചത്. പരിചയത്തിന്റെ പേരിൽ വാക്കാൽ ലഭിച്ച ബുക്കിങ്ങുകളാണ് പലതും. ആലോചിച്ച് പറയാമെന്ന മറുപടിയിൽ നിന്ന് പരിപാടികൾ റദ്ദാക്കുകയാണെന്ന് വ്യക്തമാകുന്നുണ്ടെന്ന് കലാകാരന്മാർ പറയുന്നു. നാടകം, മിമിക്സ്, ഗാനമേള തുടങ്ങിയ പരിപാടികളുടെ ബുക്കിംഗ് ആണ് സംഘാടകർ പിൻവലിച്ചുതുടങ്ങിയത്.
വയനാട് ദുരന്തം എല്ലാവർക്കും മനസിലെ മുറിപ്പാടാണ്. പരിപാടികൾ ഒഴിവാക്കുന്നതുകൊണ്ട് ദുഃഖത്തിൽ നിന്ന് കരയറാനാവില്ല. പരിപാടികൾ വഴി ലഭിക്കുന്ന വരുമാനമാണ് കലാകാരന്മാരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്
- മധു പുന്നപ്ര, കലാകാരൻ
ഉത്സവസീസൺ മുന്നിൽ കണ്ട് വലിയ സ്റ്റോക്ക് ഓർഡർ നൽകിയിട്ടുണ്ട്. ആഘോഷങ്ങൾ പൂർണമായി റദ്ദായാൽ വലിയ നഷ്ടമുണ്ടാകും
- റിയാസ്, വസ്ത്ര വ്യാപാരി