appunni

ആലപ്പുഴ: ബാങ്കോക്കിൽ നടന്ന കുട്ടികളുടെ അന്താരാഷ്ട്ര ഫാഷൻ ഷോയിൽ ജൂനിയർ മോഡൽ ഇന്റർനാഷണലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ആലപ്പുഴ വളവനാട് സ്വദേശി ഏഴുവയസുകാരൻ അപ്പുണ്ണിക്ക് മൂന്നാം സ്ഥാനം. ആൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ഏക മത്സരാർത്ഥിയായിരുന്നു അപ്പുണ്ണി. ആറു മുതൽ എട്ടു വയസുവരെയുള്ളവരുടെ വിഭാഗത്തിലായിരുന്നു മത്സരം.

ഫിലിപ്പൈൻസുകാരനൊപ്പമാണ് അപ്പുണ്ണി മൂന്നാം സ്ഥാനം പങ്കുവച്ചത്. വളവനാട് വിജയ നിവാസിൽ മിമിക്രി കലാകാരനും റേഡിയോ ജോക്കിയും എഴുത്തുകാരനുമായ കണ്ണനുണ്ണിയുടെയും അനൂസ് ഹെർബ്സ് സി.ഇ.ഒ അനുവിന്റെയും മകനാണ്.

മിമിക്രിയും ഡാൻസും ചേർന്ന മിഡാ ഷോയുമായി മികച്ച പ്രകടനം കാഴ്ചവച്ച അപ്പുണ്ണി,​അഭിമുഖം,നാഷണൽ കോസ്റ്റ്യൂം,സ്യൂട്ട് വിഭാഗം റാമ്പ് വാക്ക് എന്നിവയിലൂടെയാണ് ഫൈനലിലെത്തിയത്. മോഡലും,ടി.വി കോമഡി ഷോകളിലെ അഭിനേതാവുമായ അപ്പുണ്ണി നാലു വയസുമുതൽ മിമിക്രി രംഗത്തുണ്ട്. അച്ഛൻ കണ്ണനുണ്ണിയാണ് ഗുരു. പട്ടണക്കാട് സെയ്ന്റ് ജോസഫ് പബ്ലിക്ക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.