ആലപ്പുഴ: കെ.എസ്.ആർ.ടി.സി ആലപ്പുഴ, കായംകുളം, ഹരിപ്പാട് സ്റ്റേഷനുകളിൽ നിന്ന് വലിയഴീക്കലിലേക്കുള്ള സ്റ്റേ ബസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്റ്റേ ബസ് നിറുത്തലാക്കിയതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് തോട്ടപ്പള്ളി-വലിയഴീക്കൽ റൂട്ടിലുള്ള യാത്രക്കാരാണ്. 2021ന് ശേഷമാണ് വലിയഴീക്കലിേക്കുള്ള സ്റ്റേ ബസുകൾ നിറുത്തലാക്കിയത്. രാത്രി 7ന് ശേഷം തോട്ടപ്പള്ളിയിൽ നിന്ന് വലിയഴീക്കൽ, കരുനാഗപ്പള്ളി ഭാഗത്തേക്കു പോകാനായി എത്തുന്ന യാത്രക്കാരർ പെരുവഴിയിലാക്കും. മത്സ്യത്തൊഴിലാളികൾ, വിദ്യാർത്ഥികൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ബുദ്ധിമുട്ടുന്നത്. തോട്ടപ്പള്ളിയിൽ രാത്രി എത്തുന്ന യാത്രക്കാർ വലിയഴീക്കൽ എത്തണമെങ്കിൽ ഓട്ടോ ആണ് ആശ്രയം. എന്നാൽ കൂലിയായി 500രൂപ നൽകണം. നല്ലകളക്ഷൻ ലഭിച്ചിരുന്ന റൂട്ടിൽ സ്റ്റേ ബസ് നിറുത്തലാക്കിയത് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കടുത്ത സാമ്പത്തിക നഷ്ടത്തിന് വഴിതുറന്നു. രാത്രി 11 വരെയാണ് ഈ റൂട്ടിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകിയിട്ടുള്ളത്. എന്നാൽ ഒരു ബസ് പോലും രാത്രിയിൽ സർവീസ് ഇല്ലാത്തത് ജനത്തെ വലക്കുന്നു.
.........
# സമയം പാലിക്കാതെ സർവീസ്
തോട്ടപ്പള്ളി-വലിയഴീക്കൽ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളും സമയം പാലിക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ഈ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളുമായുള്ള മത്സര ഓട്ടത്തെ തുടർന്നാണ് സ്വകാര്യബസുകൾ സമയക്രമം പാലിക്കാത്തത്. നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും മൗനം പാലിക്കുന്നതായാണ് യാത്രക്കാരുടെ ആക്ഷേപം.ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരുമായി തർക്കം പതിവ് സംഭവാണ്.
......
'' കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും വലിയഴീക്കൽ സ്റ്റേ ബസ് സർവീസ് പുനരാംഭിക്കണം. കളക്ഷൻ ലഭിക്കുന്ന സമയത്ത് മാത്രമല്ല സേവനത്തിന്റെ പാത കൂടി മാനേജ്‌മെന്റുകൾ സ്വീകരിക്കണം.
ബാബു, മത്സ്യത്തൊഴിലാളി