മുഹമ്മ: കരപ്പുറം ദേശത്തിന്റെ മാത്രം പ്രത്യേകതയായ ചതുരക്കുളങ്ങളുടെ നവീകരണം പുരോഗമിക്കുമ്പോൾ നാട്ടുകാരുടെ മനസിൽ ആധിയാണ്. നീന്തലറിയാതെ കുളത്തിലേക്ക് എടുത്തുചാടി ഇതിനകം പൊലിഞ്ഞത് നിരവധി ജീവനുകളാണ്.കുട്ടനാട് പാക്കേജിലും സർക്കാരിന്റെ വിവിധ പദ്ധതികളിലും ഉൾപ്പെടുത്തി ലക്ഷങ്ങൾ ചെലവഴിച്ചാണ് ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ കുളങ്ങൾ നവീകരിക്കുന്നത്. ആഴം കൂട്ടി ചുറ്റിലും കരിങ്കൽ ഭിത്തി നിർമ്മിച്ച് കുളക്കടവും സംരക്ഷണ ഗ്രില്ലും സ്ഥാപിക്കുന്ന ജോലികൾ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. ഇവയിൽ അധികവും പൊതുകുളങ്ങളാണ്. കൂടാതെ അമ്പലക്കുളങ്ങളും പള്ളിക്കുളങ്ങളും നവീകരിക്കുന്നുണ്ട്.

ധാരാളം കുട്ടികൾ കുളിക്കാനും നീന്താനുമായി ഇവിടെ എത്തുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് കാവുങ്കൽ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള മുഹമ്മ കോതകുളത്തിന് മുന്നിലായി ദേവസ്വം സുരക്ഷാബാനർ സ്ഥാപിച്ചു. കൂടാതെ, ഐഡീൽ റിലീഫ് വിംഗ് കേരള സുരക്ഷാ ബോർഡ് സ്ഥാപിക്കുകയും വെള്ളത്തിൽ മുങ്ങിപ്പോകുന്നവരെ രക്ഷിക്കാനുള്ള പരിശീലനവും നൽകി.

കുളത്തിന്റെ അപകടസ്ഥിതിയെക്കുറിച്ചുള്ള അജ്ഞതയും നീന്തൽ വശമില്ലാത്തതുമാണ് പല അപകടങ്ങൾക്കും കാരണം.

നീന്തൽ പരിശീലനം അനിവാര്യം

# കുളക്കരയിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം

# രക്ഷാപ്രവർത്തന സംവിധാനങ്ങൾ കുളക്കരയിൽ സജ്ജമാക്കണം

# പി.ടി.എ മുൻകൈയെടുത്ത് വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകണം

# പഞ്ചായത്തുകൾ നീന്തൽ പരിശീലന പദ്ധതികൾ നടപ്പാക്കണം

ചതുരക്കുളങ്ങൾ

വിസ്തീർണം(ശരാശരി)​ :

700 ചതുരശ്ര മീറ്റർ

ആഴം: 4 മീറ്റർ

ആഴമേറിയ കുളങ്ങളിൽ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പഞ്ചായത്തുകൾ സൗജന്യമായി നീന്തൽപരിശീലനം നൽകണം. ഇതിനായി വൃത്തിയുള്ള വെള്ളം ഉറപ്പാക്കുകയും വേണം

- എച്ച്. സതീശൻ, റിട്ട.അസി. സ്റ്റേഷൻ ഓഫീസർ, ഫയർ ആൻഡ് റെസ്ക്യൂ സർവീസ്