ചേർത്തല: ടീം ചേർത്തലയുടെ ആഭിമുഖ്യത്തിൽ നടന്ന ഏഴു കിലോമീറ്റർ മിനി മാരത്തോണിൽ വിജയ കിരീടം ചൂടി വിഷ്ണുവും ശ്രുതി രാജും. സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ മാരത്തോണിൽ പുരുഷ വിഭാഗത്തിൽ തൃശൂർ ചലഞ്ചേഴ്സ് ക്ലബിലെ വി.ആർ.വിഷ്ണു ഒന്നാമത് എത്തിയപ്പോൾ പെൺ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജിലെ ശ്രുതിരാജ് വിജയിയായി.ജെ.അനന്തകൃഷ്ണൻ,കെ.ശ്രാവൺ കുമാർ എന്നിവർ പുരുഷ വിഭാഗത്തിലും,ശിവാനി,അന്നപൂർണ എന്നിവർ വനിതാ വിഭാഗത്തിലും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തണ്ണീർ മുക്കത്തുനിന്ന് ചേർത്തല വരെ ഏഴ് കിലോമീറ്റർ ദൂരമായിരുന്നു മത്സരം. 15 മുതൽ 75 വയസു വരെ പ്രായമുള്ള 80 പേരാണ് ഇരുവിഭാഗങ്ങളിലുമായി മത്സരിച്ചത്. തണ്ണീർമുക്കം ബണ്ടിന് സമീപത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജി.ശശികല ഉദ്ഘാടനം ചെയ്തു. മുഹമ്മ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ലൈസാദ് മുഹമ്മദ് മാരത്തോൺ ഫ്ളാഗ് ഒഫ് ചെയ്തു. പഞ്ചായത്ത് അംഗം വി.പി. ബിനു,ബി.എസ്.എ ക്ലബ് പ്രസിഡന്റ് എ.ആർ.സുമോദ്, ചേർത്തല ക്ലബ് സെക്രട്ടറി സി.ഡിവൈൻ എന്നിവർ സംസാരിച്ചു. ചേർത്തല നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിന് സമീപം നടന്ന സമാപന സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ സമ്മാനദാനം നിർവഹിച്ചു. വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.രഞ്ജിത്ത് കൗൺസിലർമാരായ എ.അജി,ആശാ മുകേഷ് എന്നിവർ സംസാരിച്ചു. ടീം ചേർത്തല പ്രസിഡന്റ് ആർ.എസ്.ശശികുമാർ സ്വാഗതവും ട്രഷറർ മഹേശ്വരൻപിള്ള നന്ദിയും പറഞ്ഞു.