photo

ചേർത്തല: വാരനാട് ദേവീക്ഷേത്രത്തിൽ നടന്ന നിറപുത്തരി ചടങ്ങിൽ നൂറ് കണക്കിന് ഭക്തർ പങ്കെടുത്തു.ഇന്നലെ രാവിലെ കൊടിമരച്ചുവട്ടിൽ സമർപ്പിച്ച നെൽക്കതിരുകൾ ക്ഷേത്രം മേൽശാന്തി ശ്രീകൃഷ്ണരു മനോജ് തീർത്ഥം തളിച്ച് ശുദ്ധി വരുത്തി. തുടർന്ന് ചുവന്ന പട്ടിൽ പൊതിഞ്ഞ് കതിർക്കറ്റകൾ മേൽശാന്തിയും,ശാന്തിമാരായ മുരളീധരൻ പോറ്റി,പ്രകാശൻ പോറ്റി, നാരായണൻ എമ്പ്രാൻ,ആനന്ദ് പോറ്റി എന്നിവർ ശിരസിലേറ്റി ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുവന്നു. വാദ്യമേളങ്ങളുടെയും വായ്ക്കുരവുകളുടെയും അകമ്പടിയോടെ എത്തിച്ച കതിർക്കറ്റകൾ മുഖമണ്ഡപത്തിൽ സമർപ്പിച്ചു.ഒപ്പം ആൽ,മാവ്,ഇല്ലി,നെല്ലി എന്നിവയുടെ ഇലകളും ദശപുഷ്പങ്ങളും സമർപ്പിച്ചു. ആദ്യകറ്റയിൽ നിന്ന് എടുത്ത ഉണക്കലരി കൊണ്ട് ദേവിക്ക് പുത്തരി പായസം തയ്യാറാക്കി.മുഖമണ്ഡപത്തിലെ പൂജകൾക്ക് ശേഷം നെൽക്കറ്റകൾ ദേവിക്ക് സമർപ്പിച്ചു. ഒപ്പം പുത്തരിപായസം, ഉപ്പുമാങ്ങ, ഇഞ്ചിത്തൈര്,അച്ചിങ്ങ,ചേന,പീച്ചിങ്ങ,നെയ്യ് എന്നിവ ചേർത്തുണ്ടാക്കിയ മെഴുക്കുപുരട്ടി,പുളിശേരി എന്നിവയും നേദിച്ചു.പൂജിച്ച നെൽക്കതിരുകൾ ഭക്തർക്ക് വിതരണം ചെയ്തു.നൂറ് കണക്കിന് ഭക്തർ നെൽക്കതിർ വാങ്ങാനെത്തി. ദേവസ്വം പ്രസിഡന്റ് കെ.എൻ.ഉദയവർമ്മ, വൈസ് പ്രസിഡന്റുമാരായ വെള്ളിയാകുളം പരമേശ്വരൻ,എം.ആർ.വേണുഗോപാൽ, ട്രഷറർ പി.എൻ.നടരാജൻ, മറ്റ് ഭാരവാഹികളായ എൻ.വേണുഗോപാൽ,ജി.കെ. മധുകുമാർ,സുരേഷ് എസ്.നായർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.