photo

ചാരുംമൂട് : ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ മികച്ച പ്രവർത്തനത്തിനുള്ള 2023 ലെ കായകല്പ പുരസ്കാരം താമരക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. 2 ലക്ഷം രൂപയും ഫലകവും പുരസ്കാരമായി ലഭിക്കും. മികച്ച ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ പഞ്ചായത്തിലെ തന്നെ പച്ചക്കാട് ഉപകേന്ദ്രത്തിന് 35000 രൂപയുടെ അവാർഡും ലഭിച്ചു. 95.8% സ്കോർ നേടിയാണ് താമരക്കുളം സി.എഫ്.സി ജില്ലയിൽ ഒന്നാമതെത്തിയത്. ജില്ലയിലെ തന്നെ മാതൃകാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലൊന്നായി മാറുവാൻ താമരക്കുളം സി.എഫ്.സിക്ക് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ ദിവസം സ്ഥലംമാറ്റം ലഭിച്ച മെഡിക്കൽ ഓഫീസർ ഡോ.എൽവിൻ ജോസിന്റെ നേതൃത്വത്തിൽ കൊവിഡ് കാലം മുതൽ മികച്ച സേവനമാണ് പൊതുജനങ്ങൾക്ക് ലഭിച്ചു വരുന്നത്. ഭൗതികസൗകര്യങ്ങളുടെ കാര്യത്തിലും ലബോറട്ടറിയടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലും മാതൃകാ പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്. എം.എസ്.അരുൺ കുമാർ എം.എൽ.എ, മുൻ എം.എൽ.എ ആർ.രാജേഷ് എന്നിവരുടെ വികസന ഫണ്ടുകളും, പ്രസിഡന്റ് ജി.വേണുവിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഫണ്ടുമെല്ലാം ആശുപത്രിയുടെ വികസനത്തിന് കാര്യമായ കൈത്താങ്ങായി. 2020 ലും പി.എച്ച്.എസി ആയിരിക്കെ ജില്ലയിലെ കായകല്പ പുരസ്കാരം (മൂന്നാം സ്ഥാനം) ലഭിച്ചിരുന്നു.