ആലപ്പുഴ : ആയുധങ്ങളുമായി കഞ്ചാവ് വിൽപ്പന നടത്തിയ മൂന്ന് യുവാക്കളെ മണ്ണഞ്ചേരി പൊലീസും ആലപ്പുഴ റെയിൽവേ പൊലീസും ചേർന്ന് അറസ്റ്റു ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡിൽ മണ്ണഞ്ചേരി മണപ്പള്ളി ലക്ഷംവീട്ടിൽ സുൽഫിക്കർ(19), ആര്യാട് പഞ്ചായത്ത് എട്ടാം വാർഡിൽ അവലൂക്കുന്ന് കാളികാട്ടുപറമ്പ് വീട്ടിൽ ആകാശ്(19), മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡിൽ മണ്ണഞ്ചേരി കമ്പിയകത്ത് വീട്ടിൽ അദ്വൈത്ത്(20) എന്നിവരെയാണ് മണ്ണഞ്ചേരി സി.ഐ എം.കെ.രാജേഷിന്റ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടികൂടിയത്. കഴിഞ്ഞ 5ന് വൈകിട്ട് മണ്ണഞ്ചേരി നേതാജി ജംഗ്ഷന് കിഴക്ക് വശത്ത് മാരകായുധങ്ങളുമയി കഞ്ചാവ് വില്പനക്കെത്തിയ ഇവർ പൊലീസിനെ കണ്ടതും കഞ്ചാവും ബൈക്കും ആയുധങ്ങളും ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു. സി.ഐ എം.കെ.രാജേഷിനോടൊപ്പം സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉല്ലാസും റെയിൽവേ പൊലീസുചേർന്നാണ് പ്രതികളെ പിടികൂടിയത്.