ആലപ്പുഴ: ഹൈസ്‌കൂൾ - ഹയർ സെക്കൻഡറി ലയനം നടപ്പാക്കുന്നതോടെ ജോലി ഭാരം ഇരട്ടിക്കുമെന്ന ആശങ്കയിൽ ഹൈസ്‌കൂൾ വിഭാഗം അനദ്ധ്യാപകർ. നിലവിലെ
ജോലിഭാരം കണക്കിലെടുക്കാതെ അധിക ജോലി അടിച്ചേൽപ്പിക്കുന്നതായാണ് ആക്ഷേപം. അനദ്ധ്യാപക തസ്തികകളെ സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ലെന്നും ജീവനക്കാർ പറയുന്നു. കോളേജുകളിൽ നിന്ന് പ്രീഡിഗ്രി വേർപ്പെടുത്തിയപ്പോൾ നഷ്ടമായ ലൈബ്രേറിയൻ, ക്ലർക്ക്, മീനിയൽ തസ്തികൾ കെ.ഇ.ആർ ചട്ടപ്രകാരം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എയ്ഡഡ് സ്‌കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ നൽകിയ ഹർജിയിൽ 2020ൽ ഹൈക്കോടതി തസ്തികകൾ അനുവദിച്ച് ഉത്തരവായിരുന്നു. എന്നാൽ, സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും 2021ൽ അത് തള്ളി. തുടർന്ന്, കോടതിയലക്ഷ്യ നടപടിയുമായി അസോസിയേഷൻ വീണ്ടും ഹർജി നൽകി. സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജിയും സുപ്രീംകോടതി തള്ളി. ഇതിനിടെയാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കി ഹയർ സെക്കൻഡറി ലയനം ഉൾപ്പെടെയുള്ള കെ.ഇ.ആർ പരിഷ്‌ക്കരണത്തിന് നിയമസഭ അംഗീകാരം നൽകിയത്. ഖാദർ കമ്മിറ്റിയുടെ രണ്ടാംഘട്ട റിപ്പോർട്ട് പുറത്തുവന്നിട്ടും സർവീസ് സംഘടനകളുമായി ചർച്ച നടത്താൻപോലും സർക്കാർ തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
കാലോചിതമായ മാറ്റം വേണം
1. പല എയ്ഡഡ് സ്‌കൂളുകളിലും ഹൈസ്‌കൂൾ വിഭാഗത്തിലെ അനദ്ധ്യാപക ജീവനക്കാർ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇതുകാരണം ഇരട്ടി ജോലി ചെയ്യേണ്ട അവസ്ഥയാണ്
2.ഹയർ സെക്കൻഡറിയിലെ അനദ്ധ്യാപക നിയമനം അട്ടിമറിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് എയ്ഡഡ് സ്‌കൂളുകളിലെ അനദ്ധ്യാപകരുടെ പ്രമോഷൻ സാധ്യത ഇല്ലാതാക്കുമെന്നും ആക്ഷേപമുണ്ട്
3.കെ.ഇ.ആർ നിലവിൽ വന്ന് അര നൂറ്റാണ്ട് പിന്നിട്ടിട്ടും അനദ്ധ്യാപക വിദ്യാർത്ഥി അനുപാതത്തിൽ കാലോചിതമായ മാറ്റം വന്നിട്ടില്ല. 65വർഷം മുമ്പുള്ള സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും തുടരുന്നത്
4. നിലവിലെ അനദ്ധ്യാപക - വിദ്യാർത്ഥി അനുപാതം 1500 : 700 ആണ്. ഇത് 1000 : 500 ആയി പരിഷ്‌ക്കരിക്കണമെന്നാണ് ആവശ്യം. അനുപാതം കണക്കാക്കുമ്പോൾ എൽ.പി അറ്റാച്ച്ഡ് ഹൈസ്‌കൂളിലെ ലോവർ പ്രൈമറി വിദ്യാർത്ഥികളുടെ എണ്ണം കൂടി ഉൾപ്പെടുത്തണം
ജില്ലയിൽ
എയ്ഡഡ് സ്‌കൂളുകൾ: 100
അനദ്ധ്യാപകർ: 400
ഹയർസെക്കൻഡറി ലയനത്തിനെ ശക്തമായി എതിർക്കും. ജീവനക്കാർക്ക് ചട്ടപ്രകാരം ഹയർ സെക്കൻഡറിയിലേക്ക് പ്രമോഷൻ നൽകി ഹൈക്കോടതി വിധി നടപ്പാക്കണം
എൻ.ഹരീഷ്, ട്രഷറർ, കെ.എ.എസ്.എൻ.ടി.എസ്.എ