ആലപ്പുഴ: തൈപ്പറമ്പിൽ ഫാമിലി ട്രസ്റ്റിന്റെയും വേൾഡ് മലയാളി കോൺഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ എം.ടി.ചന്ദ്രസേനൻ ജന്മശതാബ്ദി ആഘോഷവും പുരസ്കാര സമർപ്പണവും നാളെ നടക്കും. നാളെ വൈകിട്ട് 4.30ന് ആലപ്പുഴ വൈ.എം.സി.എ ഹാളിൽ മുൻ എം.പി പന്ന്യൻ രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പുരസ്ക്കാര സമർപ്പണം മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. തൈപ്പറമ്പിൽ ഫാമിലി ട്രസ്റ്റ് ചെയർമാൻ അഡ്വ.വി.മോഹൻദാസ് അദ്ധ്യക്ഷനാകും. മുൻ എം.പി ടി.ജെ ആഞ്ചലോസ് എം.ടി.സി അനുസ്മരണം നടത്തും. ട്രസ്റ്റ് ജനറൽ സെക്രട്ടറി ഓർമ്മയിലെ ചന്ദ്രായനം അവതരിപ്പിക്കും. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ആദരിക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻ മന്ത്രി ജി.സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മുൻ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് എന്നിവർക്കാണ് പുരസ്ക്കാരം. ഉമ്മൻചാണ്ടിയുടെ മരണാനന്തര പുരസ്കാരം മറിയാമ്മ ഉമ്മൻ സ്വീകരിക്കും. ചടങ്ങിൽ അഡ്വ.പി.പി.ബൈജു സ്വാഗതവും അഡ്വ.എൻ.പി.കമലാധരൻ നന്ദിയും പറയും.