ഹരിപ്പാട് : ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിന്റെ ഇരുകരകളെയും ബന്ധിപ്പിച്ചുള്ള കനകക്കുന്ന് - കള്ളിക്കാട് പാലം നിർമ്മാണത്തിന്റെ മണ്ണ് പരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾക്ക് തുടക്കമായി.
കായംകുളം കായലിന് കുറുകെയാണ് പാലം. . 2022ലെ സംസ്ഥാന ബഡ്ജറ്റിലാണ് പാലത്തിനായി 100 കോടി രൂപയുടെ പദ്ധതി ഉൾപ്പെടുത്തിയത്. കായലിന് കിഴക്കേക്കരയിൽ നാലുവാർഡും പടിഞ്ഞാറേക്കരയിൽ പതിനാല് വാർഡുകളുമാണ് ആറാട്ടുപുഴ പഞ്ചായത്തിലുള്ളത്. പടിഞ്ഞാറേ കരയിലുള്ള കള്ളിക്കാട് വില്ലേജ് ആഫീസ്, പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, മൃഗാശുപത്രി, ഫിഷറീസ് ആശുപത്രി, ആറാട്ടുപുഴയിലെ ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെത്താൻ കിഴക്കേക്കരക്കാർ 15 കിലോമീറ്ററോളം സഞ്ചരിക്കേണ്ടി വരുന്നുണ്ട്. പാലം വരുന്നതോടെ ഈ ദുരിതത്തിന് പരിഹാരമാകും.
വികസനത്തിൽ നിർണായകമാകും
വിദ്യാർത്ഥികൾ ഉൾപ്പടെ കടത്തു വള്ളങ്ങളെയാണ് നിലവിൽ ആശ്രയിക്കുന്നത്
പാലം വരുന്നതോടെ കായലിലൂടെയുള്ള ഈ അപകടയാത്രയ്ക്ക് പരിഹാരമാകും
തീരദേശത്തിന്റെ വികസനത്തിലും പാലം നിർണായക പങ്ക് വഹിക്കും
കടലാക്രമണഭീഷണി നേരിടുന്ന പ്രദേശത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും സഹായകമാണ്
14.2 ലക്ഷം
പ്രാഥമിക പരിശോധനയ്ക്കായി സർക്കാർ അനുവദിച്ചത്
പാലം നിർമ്മാണത്തിന് ഫണ്ട് അനുവദിക്കുന്നതിനായി ഗ്രാമ പഞ്ചായത്തും സി.പി.എം ആറാട്ടുപുഴ നോർത്ത്, ഈസ്റ്റ് ലോക്കൽ കമ്മിറ്റികളും വളരെക്കാലമായി ഇടപെട്ട് വരികയായിരുന്നു
- ബി.കൃഷ്ണകുമാർ, എ.എ.റഹ്മാൻ,
സി.പി.എം ആറാട്ടുപുഴ, ആറാട്ടുപുഴ ഈസ്റ്റ് ലോക്കൽ സെക്രട്ടറിമാർ