ആലപ്പുഴ: തെരുവ് വിളക്കുകൾ മിഴിയടച്ചതോടെ ആലപ്പുഴ ബീച്ച് സാമൂഹ്യവിരുദ്ധരുടെ താവളമായി. മോഷണവും ലഹരിക്കച്ചവടവും പൊടിപൊടിക്കുമ്പോഴും അധികൃതർക്ക് അറിഞ്ഞ ഭാവമില്ല. ബീച്ചിലെ ആറുകടകളിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. എന്നാൽ,​ പ്രതികളെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആറ് മാസംമുമ്പ് വീട് കുത്തിത്തുറന്ന് 18പവനും പണവും കവർന്ന കേസിലും പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. ജില്ല ഹോമിയോ ആശുപത്രിക്ക് എതിർവശത്തെ കാറ്റാടി ഭാഗത്താണ് ലഹരി സംഘത്തിന്റെ താവളം.

ദൂരസ്ഥലങ്ങളിൽ ജോലിക്ക് പോകുന്നവർ കളർകോട് കോളേജ് ജംഗ്ഷനിൽ ഇരുചക്ര വാഹനം പാർക്ക് ചെയ്യുന്നത് പതിവാണ്. രാത്രിയിൽ ഈ വാഹനങ്ങളിൽ നിന്ന് പെട്രോൾ ഊറ്റുന്നതാണ് പുതിയ തലവേദന. ഇവിടത്തെ വഴിവിളക്കുകളും കത്താതായിട്ട് മാസങ്ങളായി. പ്രദേശവാസികളും ഓട്ടോറിക്ഷ തൊഴിലാളികളും നിരവധി തവണ നഗരസഭയ്ക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

സാമൂഹ്യവിരുദ്ധർക്ക് ഗർഡറുകൾ മറ

ഉയരപ്പാത നവീകരണത്തിനായി ഇറക്കിയിട്ടിരിക്കുന്ന ഗർഡറുകൾ മറയാക്കിയാണ് ലഹരി മാഫിയ ഉൾപ്പടെയുള്ള സാമൂഹ്യവിരുദ്ധർ കൊഴുക്കുന്നത്

ഗർഡറുകളുടെ ഇടഭാഗത്ത് ഇരുന്നാണ് മയക്കുമരുന്ന്,​ മദ്യവിൽപ്പന തകർക്കുന്നത്. കഞ്ചാവ് മാഫിയയും ഇവിടം താവളമാക്കിയിട്ടുണ്ട്

 പകൽ സമയത്ത് പോലും ഇവരുടെ സങ്കേതമാണ് ഗർഡുകൾ. ബീച്ച് റോഡിലൂടെ എത്തുന്ന പൊലീസിന് ഗർഡറുകളുടെ ഉയരം കാരണം ഇവരെ കാണാനും കഴിയില്ല

ബീച്ചിലൂടെ നടന്നുള്ള പട്രോളിംഗ് നടത്താത്തതാണ് മോഷ്ടാക്കൾക്കും

സാമൂഹ്യ വിരുദ്ധർക്കും സഹായകരമാകുന്നത്