ഹരിപ്പാട് : രാജഭരണകാലത്തിന്റെ ഓർമ്മകളുണർത്തി ഹരിപ്പാട് സബ് ട്രഷറിയിൽ നിറപുത്തരി ചടങ്ങിന്റെ ഭാഗമായുള്ള നെൽക്കതിരുകൾ ചാർത്തി. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പൂജിച്ച നെൽക്കതിരുകൾ തിങ്കളാഴ്ച രാവിലെ ആനപ്പുറത്താണ് സബ് ട്രഷറിയിലെ സ്‌ട്രോംഗ് റൂമിലേക്ക് കൊണ്ടുവന്നത്.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ വന്ന നിറപുത്തരി ഘോഷയാത്രയെ നിരവധി ഭക്തരും അകമ്പടി സേവിച്ചു. കോടതി ജംഗ്ഷനിൽ നഗരസഭ ചെയർമാൻ കെ.കെ രാമകൃഷ്ണൻ,ഹരിപ്പാട് ട്രഷറി ഓഫിസർ വി.ബിന്ദു, കാർത്തികപ്പള്ളി തഹസീൽദാർ അജിത് ജോയ്, ഡെപ്യൂട്ടി തഹസീൽദാർ ഉണ്ണികൃഷ്ണൻ മൂസത്, ജില്ലാ ട്രഷറി ഓഫീസർ വിജി, ജില്ലാ ജഡ്ജ് ജി.ഹരീഷ്, എന്നിവർ ചേർന്ന് ഘോഷയാത്രയെ സ്വീകരിച്ചു. ട്രഷറിയിൽ കീഴ്ശാന്തി സന്ദീപിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന പൂജകൾക്കുശേഷം ട്രഷറി ഭണ്ഡാരത്തിൽ നിന്ന് പഴയ നെൽകതിരുകൾ മാറ്റിയ ശേഷം പുതിയ നെൽക്കതിർ സമർപ്പിച്ചു.
പ്രോഗ്രാം കമ്മറ്റി ചെയർമാൻ കെ.കെ സുരേന്ദ്രനാഥ്, കൺവീനർ ജെ.മഹാദേവൻ, പൈതൃക കർമ്മസമാധി ചെയർമാൻ എ. പ്രകാശ്,നിറപുത്തരി ആഘോഷ സമതി രക്ഷാധികാരി എം.ക. വിജയൻ,കെ.സോമൻ അഡ്വ.ഷുക്കൂർ,എസ്.ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.
നിറപുത്തരി ആഘോഷം
നടക്കുന്ന ഏക ട്രഷറി
കേരളത്തിൽ നിറപുത്തരി ആഘോഷം നടക്കുന്ന ഏക ട്രഷറിയാണ് ഹരിപ്പാട്. പഴയട്രഷറി കെട്ടിടം റവന്യൂ ടവറിനായി പൊളിച്ചപ്പോഴും സ്‌ട്രോംഗ് റൂം ഉൾപ്പെടുന്ന ഭാഗം നിലനിർത്തി. ഇവിടെയാണ് ചടങ്ങുകൾ നടക്കുന്നത്. രാജഭരണത്തിൽ നിലനിന്നിരുന്ന ആചാരമാണിത്. നിറപുത്തരി ദിവസമായ തിങ്കളാഴ്ച പുലർച്ചെ മുതൽ ക്ഷേത്രത്തിൽ ഭക്തജനത്തിരക്കായിരുന്നു. ചടങ്ങുകൾക്കുശേഷം പൂജിച്ച നെൽക്കതിരുകൾ കീഴ്ശാന്തി ഭക്തർക്ക് നൽകി.