കുട്ടനാട് : ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വീട്ടമ്മ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവതിക്ക് ഗുരുതര പരിക്കേറ്റു. മങ്കൊമ്പ് തെക്കേക്കര ശ്രീനിലയത്തിൽ (കൊച്ചുപറമ്പ്) സുമ സജി (47)യാണ് മരിച്ചത്. അയൽവാസി തെക്കേക്കര ബ്രഹ്മമഠത്തിൽ ലതയ്ക്കാണ് പരിക്കേറ്റത്. ലതയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഏഴുമണിയോടെ എ.സി റോഡിലായിരുന്നു അപകടം. തെക്കേക്കരയിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സുമയെയും ലതയെയും നിയന്ത്രണം തെറ്റിയെത്തിയ കാർ പിന്നിൽ നിന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സുമ തത്ക്ഷണം മരിച്ചു. സൗദി അറേബ്യയിൽ ജോലി നോക്കുന്ന സജിയാണ് സുമയുടെ ഭർത്താവ്. മക്കൾ : ആകാശ്, വൈഗ. സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. പുന്നപ്ര സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഇവർക്ക് പരിക്കില്ല.