അരൂർ : ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി സ്വിഫ്ട് ബസ് തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ച കേസിൽ 2പേരെ റിമാൻഡ് ചെയ്തു. കുത്തിയതോട് തഴുപ്പ് അഴിക്കകത്ത് സെമീർ (43), മിനിലോറി ഡ്രൈവർ വെളിയിൽ വീട്ടിൽ ഫൈസൽ (38) എന്നിവരെയാണ് അരൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം വൈകിട്ട് മൂന്നരയോടെ ദേശീയപാതയിൽ അരൂർ മേഴ്സി സ്‌കൂളിന് സമീപമായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ബസിന്റെ ഡ്രൈവർ കൊട്ടാരക്കര അരുൺ ഭവനത്തിൽ അരുണിനാണ്(30) മർദ്ദനമേറ്റത്. എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന റോഡിൽ ഒരുവരിയിൽ നീങ്ങിയിരുന്ന രണ്ട് മിനിലോറികളെ കെ.എസ്.ആർ.ടി.സി ബസ് ഇടതുഭാഗത്തുകൂടെ മറികടക്കാൻ ശ്രമിച്ചു. ഇതോടെ മുന്നിൽപോയ മിനി ലോറി പെട്ടെന്ന് നിർത്തുകയും പിന്നാലെ വന്ന ലോറി മുന്നിലെ ലോറിയിൽ ഉരസുകയും ചെയ്തു. ഇതിന് കാരണം ബസ് ഡ്രൈവർ അമിത വേഗത്തിൽ ഇടതുഭാഗത്തുകൂടി വാഹനം ഓടിച്ചതു കാരണ മാണെന്നാരോപിച്ച് തുടങ്ങിയ തർക്കത്തിനിടെയാണ് ഡ്രൈവറുടെ മുഖത്ത് മൊബൈലിന് ഇടിച്ചു പരിക്കേൽപ്പിച്ചത്. തുടർന്ന് ബസ് സർവീസ് മുടങ്ങുകയും ചെയ്തിരുന്നു.