pathilathoran-pradarshanm

മാന്നാർ: കർക്കടകത്തിലെ ആരോഗ്യപരിപാലത്തിന് മരുന്നുകഞ്ഞി പോലെ പ്രാധാന്യമുള്ള വിഭവമാണ് പത്തിലത്തോരൻ. ചുവന്ന ചീര, പച്ചച്ചീര, മുള്ളൻചീര, സാമ്പാർ ചീര, തഴുതാമയില, പയറില, കുമ്പളത്തില, തകരയില, കാട്ടുതാൾ, കുളത്താൾ, മത്തന്റെ തളിരില, കോവലില, മുരിങ്ങയില, ചേമ്പില, ചേനയില എന്നീ പത്തിലകളുടെയും അതുകൊണ്ടുണ്ടാക്കിയ തോരന്റെയും പ്രദർശനം ശ്രദ്ധേയമായി.

മാന്നാർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ജെൻഡർ റിസോഴസ് സെന്ററിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിലാണ് പ്രദർശനവും കർക്കടകക്കഞ്ഞി വിതരണവും നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി ഉദ്‌ഘാടനം ചെയ്തു. കർക്കടകവും ആരോഗ്യവും എന്ന വിഷയത്തിൽ ഡോ. സുധപ്രിയ ക്‌ളാസ് നയിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ വി.ആർ.ശിവപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. വികസനകാര്യസ്ഥിരം സമിതി അദ്ധ്യക്ഷ ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സലിം പടിപ്പുരയ്ക്കൽ, സജു തോമസ്, ശാന്തിനി ബാലകൃഷ്ണൻ, കെ.സി.പുഷ്പലത, കമ്മ്യുണിറ്റി കൗൺസിലർ പ്രജിത പി.ജെ, റിസോഴ്സ് പേഴ്സൺ ലേഖനകുമാരി എന്നിവർ സംസാരിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സുശീല സോമരാജൻ സ്വാഗതവും എസ്.ഡി. ജഗദമ്മ നന്ദിയും പറഞ്ഞു.