മാവേലിക്കര : ആയുർവേദ ചികിത്സാരംഗത്തെ പ്രഗത്ഭമതികളുടെ നാടായ മാവേലിക്കരയിൽ സർക്കാർ മേഖലയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആയുർവേദ ആശുപത്രി സ്ഥാപിക്കുന്നതിന് വഴിതെളിയുന്നു. നിലവിലുള്ള സർക്കാർ ആയുർവേദ ആശുപത്രികളുടെയെല്ലാം അവസ്ഥ ദയനീയമാണ്. ആധുനിക ആയുർവേദ ആശുപത്രിക്ക് സംസ്ഥാന ബഡ്ജറ്റിൽ 5 കോടി രൂപ അനുവദിച്ചതാണ് അനുകൂല ഘടകമായത്.
എന്നാൽ ആശുപത്രിക്കുള്ള ബഹുനിലമന്ദിരം നിർമ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം ലഭ്യമാവുകയാണ് അടുത്ത കടമ്പ. നഗരസഭയിൽ വെള്ളൂർ കുളത്തിന് സമീപം നിലവിൽ ഗവ.ആശുപത്രി കെട്ടിടം നിൽക്കുന്ന സ്ഥലം ബഹുനില മന്ദിരത്തിന് അനുയോജ്യമല്ല. ഭാവിയിലെ തുടർ വികസനത്തിനും ഇവിടെ സാദ്ധ്യത കുറവാണ്. മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ഒരു ആശുപത്രി സമുച്ചയം ഉയർന്നാൽ വിദേശ ടൂറിസ്റ്റുകളെ അടക്കം ഇവിടേക്ക് ആകർഷിക്കാനാകും.
കെട്ടിടത്തിന് വേണ്ടത് 50 സെന്റ്
50 സെന്റ് ഭൂമി നഗരസഭ അനുവദിച്ചാൽ അത്യാധുനിക സംവിധാനമുള്ള ഗവ.ആശുപത്രി സ്ഥാപിക്കാനാകും
പുതിയ ആശുപത്രി കെട്ടിടത്തിന് അഞ്ചുകോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്
കണ്ടിയൂർ കാളച്ചന്തയിൽ നഗരസഭയുടെ അധീനതയിലുള്ള ഭൂമിയിലെ 30സെന്റ് ആശുപത്രി കെട്ടിടത്തിന് അനുവദിച്ചിരുന്നു
20 സെന്റ് ഭൂമി കൂടി അനുവദിച്ചു കിട്ടിയാൽ പുതിയ ആയുർവേദ ആശുപത്രി കെട്ടിടം നിർമ്മിക്കാൻ കഴിയും
ലോകോത്തര നിലവാരമുള്ള ആയുർവേദ ചികിത്സകൾ ലഭ്യമാക്കുന്ന നിലയിൽ ബഹുനിലമന്ദിരം നിർമ്മിക്കാൻ ആവശ്യമായ തുക സർക്കാരിൽ നിന്ന് അനുവദിപ്പിക്കാനാകും
- എം.എസ് അരുൺ കുമാർ എം.എൽ എ