ആലപ്പുഴ : ഓണനാൾ അടുത്തിട്ടും, പുഞ്ചകൃഷിയിൽ സംഭരിച്ച നെല്ലിന്റെ വില കിട്ടാത്തതിനെത്തുടർന്ന് കർഷകർ കടുത്ത ദുരിതത്തിൽ. പേമെന്റ് ഓർഡർ ബാങ്കുകൾക്ക് കൈമാറിയെങ്കിലും ജില്ലയിൽ 97കോടിയിലധികം രൂപയാണ് കർഷകർക്ക് ഇനിയും വിതരണം ചെയ്യാനുള്ളത്. ഇതിൽ 50കോടി കഴിഞ്ഞ ദിവസം സംസ്ഥാനസർക്കാർ അനുവദിച്ചത് ആശ്വാസം പകരുന്നുണ്ട്.

ശേഷിച്ച 47കോടി രൂപ എന്ന് അനുവദിക്കുമെന്ന് ഒരറിവുമില്ല. പി.ആർ.എസും അപേക്ഷയും പാഡി ഓഫീസിലെത്തിച്ചാൽ സംഭരിച്ചനെല്ലിന്റെ വില ഏഴ് ദിവസത്തിനുള്ളിൽ കർഷകരുടെ അക്കൗണ്ടിലെത്തുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പി.ആർ.എസ് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നെല്ല് വില കർഷകരുടെ കൈകളിൽ എത്തിയിട്ടില്ല.

ജൂൺ 30വരെ 30,889 കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വിലയിൽ 347.8 കോടി രൂപയുടെ പേമെന്റ് ഓർഡറാണ് കാനറ, എസ്.ബി.ഐ ബാങ്കുകൾക്ക് കൈമാറിയത്. 30ന് ശേഷം പാസായ 14കർഷകരുടെ 4.59ലക്ഷം രൂപയുടെ പേമെന്റ് ഓർഡർ ഈ ആഴ്ച ബാങ്കിലേക്ക് കൈമാറും.

ജപ്തിഭീഷണിയും കടബാദ്ധ്യതയും

 നെല്ലുവില കിട്ടാതായതോടെ കർഷകരിൽ പലരും ജപ്തി ഭീഷണിയിലായി

 ബാങ്ക് ലോണെടുത്തും പലിശക്ക് പണം വാങ്ങിയുമാണ് രണ്ടാംകൃഷിയിറക്കുന്നത്

 പി.ആർ.എസ് നൽകിയിട്ടും ബാങ്കുകൾ പണം നൽകാത്തതിൽ പ്രതിഷേധം ശക്തം

ഇനിയും നൽകാനുള്ളത് : 97കോടി

കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. ദുരിതം അനുഭവിക്കേണ്ടിവരുന്നത് കർഷകരാണ്

- സോണിച്ചൻ പുളിങ്കുന്ന്, ജനറൽ സെക്രട്ടറി, നെൽകർഷക സംരക്ഷണ സമിതി