ചേർത്തല : നീണ്ട കാത്തിരിപ്പിനൊടുവിൽ നെടുമ്പ്രക്കാട് - വിളക്കുമരം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണം ആരംഭിച്ചു. നിർമ്മാണജോലികൾ പൂർത്തിയാക്കി ഡിസംബറിൽ ഉദ്ഘാടനം നടത്താനാണ് തീരുമാനം. കരഭാഗത്ത് സിമന്റ് ഉപയോഗിച്ചുള്ള കൽക്കെട്ടും കായൽഭാഗത്ത് ഗാബിയോൻ വാളുമാണ് നിർമ്മിക്കുന്നത്.
കാലങ്ങളായുള്ള ചേർത്തലക്കാരുടെ സ്വപ്ന പദ്ധതിയാണ് നെടുമ്പ്രക്കാട് - വിളക്കുമരം പാലം. 2005 ജനുവരി 15ന് അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണിയാണ് പാലത്തിന് തറക്കല്ലിട്ടത്. എന്നാൽ, നിർമ്മാണം പാതിവഴിയിൽ നിലച്ചു. ഒന്നരപതിറ്റാണ്ടിനു ശേഷം സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമ്മാണം പുനരാരംഭിക്കുകയായിരുന്നു. 2016–17 വർഷത്തെ ബഡ്ജറ്റിലാണ് തുക ഉൾപ്പെടുത്തിയത്. ചേർത്തല,അരൂർ നിയോജക മണ്ഡലങ്ങളിലെ ചേർത്തല നഗരസഭയേയും ചേന്നംപള്ളിപ്പുറം പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണം തടസങ്ങളെല്ലാം നീക്കി 2021ലാണ് ആരംഭിച്ചത്.
ചേർത്തല - അരൂക്കുറ്റി സമാന്തരമാർഗം
1.കാലപ്പഴക്കം ചെന്ന ചെങ്ങണ്ട പാലത്തിന് സമാന്തരമായി വയലാർ കായലിന് കുറുകെയാണ് നെടുമ്പ്രക്കാട്–വിളക്കുമരം പാലം
2.പാലം പൂർത്തിയാകുന്നതോടെ ചേർത്തല - അരൂക്കുറ്റി റോഡിൽ ചെങ്ങണ്ട പാലത്തിലൂടെയുള്ള തിരക്ക് കുറയും
3.പള്ളിപ്പുറം ഇൻഫോപാർക്ക്, ഫുഡ്പാർക്ക് എന്നിവിടങ്ങളിലേക്ക് ചേർത്തലയിൽ നിന്ന് എത്താനുള്ള എളുപ്പ വഴിയാകും
ആറ് സ്പാനുകൾ, നടപ്പാത
പാലത്തിന്റെ വീതി 11മീറ്റർ, നീളം 245.8 മീ.
ഇരുവശങ്ങളിലും 1.50 മീ.വീതിയിൽ നടപ്പാത
26 മീറ്റർ നീളമുള്ള മൂന്നു സ്പാനുകൾ
25.4 മീറ്റർ നീളമുള്ള ഒരു സ്പാനും
25.7 മീറ്റർ നീളമുള്ള രണ്ട് സ്പാനുകൾ
10 മീറ്റർ നീളമുള്ള രണ്ട് വെല്ലുകൾ
11 മീറ്റർ നീളമുള്ള ഒരു ബോക്സ് കൽവെർട്ട്
60 മീറ്റർ നീളമുള്ള ഐലൻഡ്
പാലത്തിന്റെ നിർമ്മാണ ചെലവ്
20.37 കോടി
നെടുമ്പ്രക്കാട്–വിളക്കുമരം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാക്കാനാണ് ശ്രമം
- കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ