ആലപ്പുഴ : ട്രോളിംഗ് നിരോധനകാലത്ത് മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യേണ്ട സൗജന്യ റേഷൻ, നിരോധനം അവസാനിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ലഭിച്ചില്ലെന്ന് പരാതി. ജൂൺ ഒമ്പത് മുതൽ ജൂലായ് 31വരെയായിരുന്നു ട്രോളിം നിരോധനം. ജില്ലയിൽ സൗജന്യ റേഷന് അർഹതയുള്ള പതിനയ്യായിരത്തോളം കാർഡുടമകളുണ്ട്. മത്സ്യത്തൊഴിലാളികളിൽ വലിയൊരുവിഭാഗവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ഇവർക്ക് എ.എ.വൈ പദ്ധതി പ്രകാരമുള്ള സൗജന്യറേഷനുള്ളതിനാൽ, നിരോധന കാലത്തേക്ക് സർക്കാർ പ്രഖ്യാപിച്ച സൗജന്യ അരി നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്.

കേന്ദ്രവിഹിതം കുറച്ചതോടെ മണ്ണെണ്ണ വിതരണവും താളംതെറ്റി. സൗജന്യ റേഷന് അർഹരായവരുടെ ലിസ്റ്റ് അതത് താലൂക്ക് സപ്ലൈ ഓഫീസർമാരുടെ പക്കലുണ്ട്. സർക്കാർ പ്രഖ്യാപിക്കുന്നതല്ലാതെ ഒരു ട്രോളിംഗ്നിരോധന കാലത്തും സമയബന്ധിതമായി റേഷൻ വിതരണം നടത്തിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നു. നിരോധന കാലത്ത് തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും, അനുബന്ധ തൊഴിലാളികൾക്കും പീലിംഗ് തൊഴിലാളികൾക്കുമാണ് സൗജന്യ റേഷൻ നൽകുന്നത്.

സർക്കാർ പ്രഖ്യാപിച്ചത്

 മഞ്ഞ കാർഡ് : 35 കി.ഭക്ഷ്യധാന്യം

 പിങ്ക് കാർഡ് : ഒരംഗത്തിന് 5 കിലോ ഭക്ഷ്യധാന്യം

 നീല കാർഡ് : 2 കിലോ അരി

 വെള്ള കാർഡ് : 5 കിലോ അരി

ട്രോളിംഗ് നിരോധനം അവസാനിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും സൗജന്യ റേഷൻ വിതരണം ചെയ്യാത്തത് മത്സ്യത്തൊഴിലാളികളോടു കാട്ടുന്ന അനീതിയാണ്. എ.ഐ.വൈ കാർഡുടമകൾക്ക് കേന്ദ്രത്തിന്റെ സൗജന്യ റേഷനുണ്ടെന്ന പേരിൽ സർക്കാർ പ്രഖ്യാപിച്ച വിഹിതം നൽകാതിരിക്കുന്നത് നീതികേടാണ്

- അനിൽ ബി.കളത്തിൽ, അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്