ph

കായംകുളം : കായംകുളത്ത് പൊലീസിനെ ആക്രമിച്ച കേസിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ രാത്രിയിൽ വീടിന്റെ കതക് ചവിട്ടിപ്പൊളിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റി കായംകുളം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. ഒരുമണിക്കൂറിലേറെ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രവർത്തകർ വടികൊണ്ട് എറിഞ്ഞ് പ്രകോപിപ്പിച്ചിട്ടും പൊലീസ് സംയമനം പാലിച്ചതിനാൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല.

സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് കോൺഗ്രസ് ഭവനിൽ നിന്നും മാർച്ച് ആരംഭിച്ചത്. പൊലീസ് സ്റ്റേഷന് മുന്നിൽ ബാരിക്കേഡ് തീർത്ത് മാർച്ച് പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകരുമായി ഉന്തുംതള്ളുമായി.

മാർച്ച് ഉദ്ഘാടനം ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ സി.ഐയെയും എസ്.ഐയേയും വ്യക്തിപരമായി ആക്ഷേപിച്ചും ഭീഷണിപ്പെടുത്തിയുമാണ് പ്രസംഗം തുടർന്നത് . കേസിൽ പ്രതികളായ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ പരിചയപ്പെടുത്തി മുന്നിൽ നിറുത്തിയശേഷം അറസ്റ്റു ചെയ്യാൻ വെല്ലുവിളിച്ചിട്ടും പൊലീസ് അനങ്ങിയില്ല. തൂണിൽതീർത്ത ദേശീയപാതയ്ക്കുവേണ്ടി കായംകുളത്ത് യൂത്ത്കോൺഗ്രസ് സത്യാഗ്രഹ സമരത്തിലായിരുന്നു. കഴിഞ്ഞആഴ്ച രാത്രിയിൽ ദേശീതപാത ഉപരോധിച്ചതോടെ തടയാനെത്തിയ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. രണ്ടുപൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ കേസിൽ യൂത്ത് പ്രവർത്തകൻ ഹാഷിം സേട്ടിനെയും,ബിനു ആമ്പക്കാടിനെയും രാത്രിയിൽ വീട്ചിവിട്ടി പൊളിച്ച് അറസ്റ്റ് ചെയ്യുകയും സംഭവം മൊബൈൽഫോൺ കാമറയിൽ പകർത്തിയ പ്രവർത്തകന്റെ ഫോൺ പിടിച്ചുകൊണ്ടുപോകുകയും ചെയ്തു. ഫോൺ തങ്ങൾ എടുത്തിട്ടില്ലന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്. അറസ്റ്റിലായവരെ കോടതി റിമാന്റ് ചെയ്തു. ഈസംഭവത്തിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, ജില്ലാ പ്രസിഡന്റ് എം.പി പ്രവീൺ,അരിതാ ബാബു,നൗഫൽ ചെമ്പകപ്പള്ളിൽ,വിശാഖ് പത്തിയൂർ തുടങ്ങി കണ്ടാലറിയാവുന്ന 75പേർക്കെതിരെയാണ് ഗതാഗതം തടസപ്പെടുത്തിയതിനും ആക്രമ സംഭവങ്ങൾക്ക് നേതൃത്വം നൽയതിനും കായംകുളം പൊലീസ് കേസെടുത്തത്.

സമരം അടിച്ചമർത്താമെന്ന് കരുതേണ്ട : രാഹുൽ മാങ്കൂട്ടത്തിൽ

പില്ലർ എലവേറ്റഡ് ഹൈവേയെന്ന ആവശ്യത്തിനായി സമരംചെയ്ത യൂത്ത്കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തും വീടുകളിൽ കയറി കതക് തല്ലിപ്പൊളിച്ചും രക്ഷകർത്താക്കളെ ഭീഷണിപ്പെടുത്തിയും സമരം ചെയുന്നവരെ അടിച്ചമർത്താമെന്നു കരുതേണ്ടന്നും കായംകുളത്തിന്റെ ജനകീയ ആവശ്യം നേടിയെടുക്കുന്നത് വരെ യൂത്ത് കോൺഗ്രസ് പിറകോട്ട് പോകില്ലെന്നും യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. വീടുകളിൽ കയറി കുടുംബത്തെയടക്കം അപമാനിക്കുകയും ഫോണുകൾ എടുത്തു കൊണ്ടുപോവുകയും ചെയ്ത കായംകുളം സി.ഐ അരുൺ ഷായ്ക്കും മറ്റു പൊലീസുകാർക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.