കായംകുളം : കായംകുളം സ്വകാര്യ ബസ് സ്റ്റാന്റിലെ ശൗചാലയം പൂട്ടിയിട്ട് രണ്ട് വർഷമായിട്ടും തുറക്കാൻ നടപടിയില്ലാതായതോടെ ശങ്ക തീർക്കാൻ ഇടമില്ലാതെ യാത്രക്കാരും ബസ് ജീവനക്കാരും ബുദ്ധിമുട്ടുന്നു. സമീപത്ത് മറ്റൊരിടത്തും പൊതുശൗചാലയങ്ങളില്ലാത്തതിനാൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ശൗചാലയത്തെ ആശ്രയിക്കുക മാത്രമാണ് ഏക പോംവഴി. വിദ്യാർഥികളും, ജോലിക്കാരും അടക്കം ആയിരത്തോളം പേർ ദിവസവും സ്വകാര്യ ബസ് സ്റ്റാൻഡിൽ വന്നുപോകുന്നതായാണ് കണക്ക്.
അടിസ്ഥാന സൗകര്യങ്ങളില്ലാതെ നഗരത്തിൽ ജനങ്ങൾ വലയുമ്പോഴും നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യസംസ്കരണ ശില്പശാല സംഘടിപ്പിച്ചതിനെ വ്യാപാരികൾ വിമർശിച്ചു. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി 'കൈകോർക്കാം കായംകുളത്തിനായി' എന്ന മുദ്രാവാക്യം ഉയർത്തിയാണ് ശില്പശാല സംഘടിപ്പിച്ചത്.
മൂത്രശങ്ക തീർക്കാൻ ഇടവഴി, മൂക്കുപൊത്തി യാത്രക്കാർ
സ്റ്റാൻഡിന് സമീപത്തെ ഇടവഴികളിലും കടകൾക്ക് പിന്നിലുമാണ് ആളുകൾ മൂത്രശങ്ക തീർക്കുന്നത്
ഇതുകാരണം ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ഇടവഴികളിൽ ദുർഗന്ധം വമിക്കുന്നു
മൂക്കുപൊത്താതെ ഇവിടെ ബസ് കാത്തുനിൽക്കാൻ കഴിയാത്ത അവസ്ഥയാണ്
ഭൂരിഭാഗം യാത്രക്കാരും ലിങ്ക് റോഡിൽ നിന്നാണ് ഇപ്പോൾ ബസിൽ കയറുന്നത്
പേട്ട മൈതാനത്ത് പൊതുശൗചാലയം നിർമ്മിക്കാൻ നടപടി തുടങ്ങിയിരുന്നെങ്കിലും ഒന്നുമായില്ല
പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ശൗചാലയം തുറക്കാൻ നടപടി സ്വീകരിക്കണം. ബസ് സ്റ്റാൻഡിന് സമീപത്തെ ഇടവഴികളിലെ ദുർഗന്ധം കാരണം വ്യാപാര സ്ഥാപനങ്ങൾ പൂട്ടിപ്പോവുകയാണ്-സിനിൽ സബാദ്, യൂണിറ്റ് പ്രസിഡന്റ്
വ്യാപാരി വ്യവസായി ഏകോപന സമിതി,കായംകുളം യൂണിറ്റ്