ആലപ്പുഴ : കൊലപാതകശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയുമൊപ്പമുള്ള എ.എസ്.ഐയുടെ ഉല്ലാസയാത്രയുടെയും ആഘോഷത്തിന്റെയും ഫോട്ടോയും വീഡിയോയും വൈറലായിട്ടും അന്വേഷണത്തിനോ നടപടിയ്ക്കോ തയ്യാറാകാതെ പൊലീസ്.
പതിനൊന്നുവർഷം മുമ്പ് ആലപ്പുഴ നഗരത്തെ നടുക്കിയ കൊലപാതകശ്രമത്തിൽ ഹൈക്കോടതി ജാമ്യം നേടിയ മൂന്നാംപ്രതിയായ ഉളുക്ക് ഉണ്ണിയെന്ന ഉണ്ണിയ്ക്കും (41) സുഹൃത്തുക്കൾക്കുമൊപ്പമാണ് ആലപ്പുഴ എ.ആർ ക്യാമ്പിലെ എ.എസ്.ഐ ശ്രീനിവാസൻ ആഘോഷം നടത്തിയത്. കഴിഞ്ഞ മാർച്ചിൽ നടന്ന ആഘോഷത്തിന്റെ വിവരങ്ങൾ ഉന്നത പൊലീസുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും സംഭവത്തിൽ അന്വേഷണവും നടപടിയുമുണ്ടാകാതിരിക്കെയാണ് ഇതിന്റെ ഫോട്ടോയും വീഡിയോകളും വൈറലായത്.
ആലപ്പുഴയിലെ ഒരു വീട്ടിലും ജില്ലയ്ക്ക് പുറത്തെ സുഖവാസകേന്ദ്രത്തിലും റൂമിനുള്ളിൽ പാട്ടും മേളവുമായി ഉണ്ണിയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം എ.എസ്.ഐ അടിച്ചുപൊളിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. നഗരത്തിലുണ്ടായ കൊലപാതകശ്രമക്കേസിൽ ജില്ലാ സെഷൻസ് കോടതി പതിനൊന്നരവർഷം ശിക്ഷിച്ച ഉണ്ണിയുൾപ്പെടെയുള്ള പ്രതികൾ ഹൈക്കോടതി അപ്പീലിൽ ജാമ്യത്തിലിറങ്ങിയതിന്റെ പിന്നാലെയായിരുന്നു ആഘോഷമെന്നാണ് സൂചന. ടൂറുപോയ സംഘത്തിലെ ചിലർതന്നെയാണ് ഫോട്ടോയും വീഡിയോയും പുറത്താക്കിയ
ത്.