മാന്നാർ: സ്വാതന്ത്ര്യ സമര സേനാനി കുടിലിൽ ജോർജ്ജിന്റെ ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപമുള്ള സ്മൃതിമണ്ഡപത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തുവാൻ മന്ത്രി സജി ചെറിയാന്റെ നിർദ്ദേശ പ്രകാരം ആർ.ഡി.ഒ ഓഫീസിൽ ചേർന്ന സംഘാടകസമിതി യോഗം തീരുമാനിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി ഇന്ന് രാവിലെ 9ന് നന്ദാവനം ജംഗ്ഷനിൽ നിന്ന് ചിന്മയ മിഷൻ ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികളുടെ ബാൻഡ്മേളത്തോടെ സ്വാതന്ത്ര്യദിന റാലി ആരംഭിക്കും. പുത്തൻകാവ് മെട്രോപൊളിറ്റൻ ഹയർസെക്കൻഡറി സ്‌കൂൾ, സെന്റ് ആനീസ് ഹൈസ്‌കൂൾ, ചെറിയനാട് എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ എസ്.പി.സി, എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ്‌ക്രോസിലെ കുട്ടികൾ, പൊലീസ്, എക്‌സൈസ്, ഫയർ ഫോഴ്‌സ്, ആർ.ടി.ഒ. ഓഫീസിലെ സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും പരേഡും നടത്തും. ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്‌സൺ ശോഭാ വർഗീസ് പതാക ഉയർത്തും. ചെങ്ങന്നൂർ ആർ.ഡി.ഒ സ്വാതന്ത്ര്യ സമരദിന സന്ദേശം നൽകും. ജി.വിവേക് സ്വാഗതവും തഹസിൽദാർ നന്ദിയും പറയും.