ആലപ്പുഴ : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ഇന്ന് രാവിലെ 9ന് പൊലീസ് പരേഡ് ഗ്രൗണ്ടിൽ മന്ത്രി ദേശീയ പതാക ഉയർത്തും. 8.50ന് ജില്ല പൊലീസ് മേധാവിയും ജില്ല കളക്ടറും ചേർന്ന് മന്ത്രിയെ സ്വീകരിക്കും. ദേശീയ പതാക ഉയർത്തിയ ശേഷം മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നൽകും.
ലോക്കൽ പൊലീസ്, വനിത പൊലീസ്, എക്‌സൈസ്, എസ്.പി.സി, സ്‌കൗട്ട്, ഗൈഡ്, റെഡ് ക്രോസ്, ബുൾബുൾ, കബ്‌സ് തുടങ്ങിയ ഇനങ്ങളിൽ 12 പ്ലാട്ടൂനുകളും നാല് ബാന്റ് സംഘവുമുൾപ്പെടെ 16 പ്ലാട്ടൂനുകൾ അണിനിരക്കും. വീയപുരം സി.ഐ എ.ഷഫീക്കാണ് പരേഡ് കമാൻഡർ. പരേഡിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കണ്ടിജന്റുകൾക്ക് മന്ത്രി ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, കളക്ടർ അലക്സ് വർഗീസ്, ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ തുടങ്ങിയവർ പങ്കെടുക്കും.