ambala

അമ്പലപ്പുഴ: പഞ്ചായത്തിലും നവകേരള സദസിലും നിവേദനം നൽകിയിട്ടും പ്രയോജനമില്ലാതെ വന്നതോടെ സ്ത്രീകൾ അടക്കം നാട്ടുകാർ ഇറങ്ങി റോഡ് സഞ്ചാരയോഗ്യമാക്കി. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ മുളക്കത്തറ ഭാഗത്തെ 500 മീറ്ററോളം തകർന്ന വഴിയാണ് നാട്ടുകാർ സഞ്ചാരയോഗ്യമാക്കിയത്.

15ഓളം കുടുംബങ്ങൾക്കുള്ള ഏകവഴിയാണ് ഇത്. വർഷങ്ങളായി പ്രദേശവാസികൾ പഞ്ചായത്തിലും സർക്കാർ ഓഫീസിലും കയറി ഇറങ്ങിയിട്ടും ഫലമുണ്ടാകാതെ വന്നതോടെയാണ് സ്വന്തം ചെലവിൽ ക്വാറിവേസ്റ്റും മറ്റും വാങ്ങി അന്യസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ ഇവിടെ നിരത്തിയത്. പ്രദേശത്തുള്ളവർക്ക് കഞ്ഞിപ്പാടം റോഡിൽ എത്തണമെങ്കിൽ ഇപ്പോൾ സഞ്ചാരയോഗ്യമാക്കിയ വഴിയും, മൂലേപ്പാടം ബണ്ടിലൂടെയുള്ള 500 മീറ്റർ വഴിയും കടന്നു വേണം പോകാൻ.

രോഗികളെ ചുമന്ന് എത്തിക്കണം

 ബണ്ടിൽ വർഷങ്ങൾക്കു മുമ്പ് ഇട്ട ഗ്രാവൽ ഒലിച്ചുപോയി റോഡ് കുണ്ടും കുഴിയുമായി

 രോഗികളെ കസേരയിൽ ഇരുത്തി നാലു പേർ ചുമന്നാണ് കഞ്ഞിപ്പാടം റോഡുവരെ എത്തിക്കുന്നത്

 ഡയാലിസിസ് ചെയ്യുന്ന രോഗികളും നിരവധി വൃദ്ധജനങ്ങളും പ്രദേശത്ത് താമസിക്കുന്നുണ്ട്

എന്റെ പിതാവിന് ഹൃദ്രോഗം കൂടിയപ്പോൾ കസേരയിൽ ഇരുത്തി നാട്ടുകാർ ചുമന്നാണ് റോഡിൽ എത്തിച്ചത്. പാടശേഖരത്ത് വെള്ളം കയറ്റി ഇടുമ്പോൾ അരയറ്റം വെള്ളത്തിൽ നീന്തിയാണ് ഞങ്ങൾ വീട്ടിലേക്കും തിരികെ റോഡിലേക്കും എത്തുന്നത്

- ഗംഗ, വീട്ടമ്മ