ആലപ്പുഴ: സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഒഫ് കേരള (സവാക്) നേതൃത്വത്തിൽ , സംഗീതരംഗത്ത് ആറ് പതിറ്റാണ്ട് പിന്നിട്ട കലാകാരൻ ആലപ്പി മോഹനന് ജന്മനാടിന്റെ സ്നേഹാദരവ് നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാളെ ഉച്ചക്ക് 2ന് കൊമ്മാടി യുവജനവായനശാലയിൽ മോഹനരാഗം എന്നപേരിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സംവിധായകൻ വിനയൻ മുഖ്യാതിഥിയായിരിക്കും. വിപ്ളവഗായിക പി.കെ.മേദിനി ആലപിച്ച റെഡ്സല്യൂട്ട് എന്ന പാട്ടിന്റെ സംഗീതം നിർവഹിച്ചത് മോഹനനാണ്. വൈകിട്ട് 3ന് ഗാനാർച്ചനയുമുണ്ടാകും. വയനാട് ദുരിതബാധിതരെ സഹായിക്കാൻ ഈമാസം 19, 20 തീയതികളിൽ കലാകാരന്മാരുടെ നേതൃത്വത്തിൽ തെരുവിൽ പാട്ടുകൾ പാടി തുക സമാഹരിക്കും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ സുദർശനൻ വർണ്ണം, വിനോദ് അചുംബിത, തോമസ് വള്ളിക്കാടൻ, പി.നളിനപ്രഭ, വി.എസ്.സുഗന്ദപ്പൻ, നാജാ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.