ആലപ്പുഴ : ജില്ലയിലെ സാമൂഹ്യ വിരുദ്ധരിൽ വലിയൊരു വിഭാഗത്തിന് കൂച്ചുവിലങ്ങിട്ട ശേഷം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പടിയിറങ്ങുകയാണ്. ഒന്നരവർഷത്തെ സേവനകാലയളവിൽ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകൾക്കാണ് ചൈത്ര മേൽനോട്ടം വഹിച്ചത്. കൊല്ലമാണ് പുതിയ തട്ടകം.

പൊലീസ് മേധാവിയെന്ന നിലയിൽ ആർക്കും പൂർണ സംതൃപ്തിയോടെ പടിയിറങ്ങാനാവില്ലെന്ന് ചൈത്ര വ്യക്തമാക്കി. ചെയ്തതിനേക്കാൾ, ഇനി എന്തെല്ലാം ചെയ്യാമായിരുന്നു എന്ന ചിന്തകളാകും മനസ്സിൽ. ആലപ്പുഴയിലെ സേവനകാലഘട്ടത്തെ കുറിച്ച് ചൈത്ര തെരേസ ജോൺ മനസ്സുതുറക്കുന്നു.

ഫോക്കസ്

സംസ്ഥാനത്ത് കഴിഞ്ഞ ഒരുവർഷത്തിനിടെ ഏറ്റവും കൂടുതൽ കാപ്പ കേസുകൾ രജിസ്റ്റർ ചെയ്ത ജില്ലകളിലൊന്നാണ് ആലപ്പുഴ. സേവനകാലയളവിൽ മൂന്ന് കളക്ടർമാർ മാറിവന്നെങ്കിലും, നടപടി ക്രമങ്ങളിൽ കാലതാമസമുണ്ടായില്ല. ക്രിമിനൽ കേസുകൾ കുറയ്ക്കാനായി. പക്ഷേ കൂടുതൽ കൊലപാതകങ്ങളുണ്ടായി. ഭൂരിപക്ഷവും ഗാർഹിക പ്രശ്നങ്ങളായിരുന്നു. ആദ്യം മുതൽക്കേ സാമൂഹ്യ വിരുദ്ധ കേസുകൾക്ക് തടയിടാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

സ്പെഷ്യൽ ഡ്രൈവുകൾ

വർഷങ്ങളായി വാറണ്ടായി കിടന്ന ആയിരക്കണക്കിന് കേസുകളുണ്ടെങ്കിലും, അവയുടെ കൃത്യമായ എണ്ണമോ വിവരങ്ങളോ വകുപ്പിൽ ലഭ്യമല്ലായിരുന്നു. കോടതിയുടെ സഹകരണത്തോടെ നാലായിരത്തോളം ലോംഗ് പെൻഡിങ്ങ് വാറണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ചു. ഇവയിൽ മൂവായിരത്തിലധികം കേസുകളിൽ തുടർനടപടികളായി. കാണാതായ സ്ത്രീകളെ കണ്ടെത്തുന്നതിനും, പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നതിനും സ്പെഷ്യൽ ഡ്രൈവ് പുരോഗമിക്കുകയാണ്.

സേനയുടെ പിന്തുണ

ആലപ്പുഴയിലെ ഉദ്യോഗസ്ഥരിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്. കേസുകളുടെ നടപടികൾക്കും, സ്പെഷ്യൽ ഡ്രൈവുകളുടെ പുരോഗതിക്കും എല്ലാ ഉദ്യോഗസ്ഥരും സഹകരിച്ചു. ഏറെക്കാലം പഴക്കമുള്ള ചട്ടങ്ങളിലാണ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. .

വെല്ലുവിളി

കാര്യമായ വെല്ലുവിളികളോ സമ്മർദ്ദങ്ങളോ ആലപ്പുഴയിൽ നേരിടേണ്ടി വന്നില്ല. ലോ ആൻഡ് ഓർഡർ കേസുകൾ കുറഞ്ഞു. അതേസമയം പരാതികൾ കൂടി.

മനസ്സിൽ തട്ടിയ സംഭവങ്ങൾ

ചില കേസുകൾ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തും. ആലപ്പുഴയിൽ അത്തരത്തിൽ നേരിട്ട ആദ്യ കേസായിരുന്നു മാവേലിക്കരയിൽ ആച്ഛൻ ആറുവയസ്സുകാരി മകളെ കോടാലിക്ക് വെട്ടി കൊലപ്പെടുത്തിയ സംഭവം. മാവേലിക്കരയിൽ തന്നെ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ മറ്റൊരു കേസ്, ഒരു സ്ത്രീയെ ഭർത്താവ് പതിനേഴ് തവണ കുത്തി കൊലപ്പെടുത്തിയ സംഭവം, ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയതടക്കം പല കേസുകളും നൊമ്പരപ്പെടുത്തിയിട്ടുണ്ട്.