fgh

ഹരിപ്പാട് : ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേരെ ജില്ലയിൽ പ്രവേശിക്കുന്നതിന് ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തി. കരുവാറ്റ അഞ്ചിൽ വീട്ടിൽ സോബിൻ തോമസ് (24), കന്നുകാലി പാലം പുതുവൽ വീട്ടിൽ യാദവ് (22) എന്നിവരെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. കരുവാറ്റ പ്രദേശം കേന്ദ്രീകരിച്ച് ഗുണ്ടാ പ്രവർത്തനം നടത്തുകയും നങ്ങ്യാർകുളങ്ങര ടി.കെ.എ. എം കോളേജിൽ അതിക്രമിച്ചുകയറി വിദ്യാർത്ഥികളെ മർദ്ദിക്കുകയും പുതുവത്സര ദിനത്തിൽ വീട് കയറി ആക്രമിച്ച കേസിലും ഇരുവരും പ്രതികളാണ്. തൃക്കുന്നപ്പുഴ സ്റ്റേഷൻ പരിധിയിലും ഇരുവർക്കെതിരെ കേസുകൾ നിലവിലുണ്ട്. കരുവാറ്റ ലീഡിംഗ് ചാനലിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴച്ചിൽക്കാരെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും,​ സോബിൻ തോമസ് പ്രതിയാണ്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശാനുസരണം ഹരിപ്പാട് എസ്.എച്ച. ഒ മുഹമ്മദ് ഷാഫിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ,​ എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ് പ്രതികൾക്കെതിരെ കാപ്പ ചുമത്തിയത്.