മാന്നാർ: ടി ടി.ഐ.- പി.പി.ടി.ടി.ഐ വിദ്യാർത്ഥികളുടേയും പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകരുടേയും ജില്ലാ കലോത്സവങ്ങൾ 16, 21 തീയതികളിൽ മാന്നാർ നായർ സമാജം ടി.ടി.ഐ.യിൽ നടക്കുമെന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 16 ന് രചനാ മത്സരങ്ങളും 21 ന് കലാ മത്സരങ്ങളും നടക്കും. ജില്ലയിലെ 10 ടി.ടി.ഐകളിലും രണ്ട് പി.പി. ടി ടി ഐ.കളിലും നിന്നായി 150 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും. 12 ഇനങ്ങളിലായി മൂന്ന് വേദികളിലാണ് മത്സരം. 21 ന് രാവിലെ 10ന് കലാമത്സരങ്ങൾ കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യും. വൈകിട്ട് സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മാവേലിക്കര ബ്ലാേക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് അദ്ധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി സമ്മാനദാനം നിർവ്വഹിക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്.ശ്രീലത സംഘാടക സമിതി ഭാരവാഹികളായ ഡോ.കെ.ജെ. ബിന്ദു., സ്മിത എസ്.പിള്ള, ശുഭാചന്ദ്രൻ, എസ്. ശ്രീകുമാർ, കെ.എൽ. അശോക് കുമാർ, ആർ.രാധാകൃഷ്ണൻ, എസ്.സിന്ധു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.