ആലപ്പുഴ : ഓട്ടോറിക്ഷ ഡ്രൈവർമാർ യാത്രക്കാരിൽ നിന്ന് അമിതചാർജ് ഈടാക്കുന്നത് തടയാൻ ജില്ലയിൽ ഓട്ടോകൾക്ക് ഫെയർ മീറ്റർ നിർബന്ധമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ മാസങ്ങൾക്ക് മുമ്പ് ജില്ലാ ഭരണകൂടം യോഗം വിളിച്ചെങ്കിലും തൊഴിലാളി യൂണിയനുകളുടെ എതിർപ്പിനെ തുർന്ന് തീരുമാനം എടുക്കാനായില്ല.
രാവിലെ 5മുതൽ രാത്രി 10വരെ സാധാരണ നിരക്കും രാത്രി പത്തിനു ശേഷം കൂടിയ നിരക്കുമാണുള്ളത്. എന്നാൽ, നഗരപ്രദേശത്താം ഗ്രാമപ്രദേശത്തും എത്തുമ്പോൾ നിരക്കുകളിൽ മാറ്റം വരത്തക്കതരത്തിൽ മീറ്ററിൽ നിരക്ക് ക്രമീകരിക്കാൻ കഴിയാത്തതാണ് പദ്ധതി നടപ്പാക്കുന്നതിന് തടസം.
നഗരപ്രദേശങ്ങളായ ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിൽപ്പോലും മീറ്റർ പ്രവർത്തിപ്പിക്കാൻ ഡ്രൈവർമാർ മടിക്കുകയാണ്. തോന്നുന്ന ചാർജ്ജാണ് ഓരോരുത്തരും ഈടാക്കുന്നത്. മീറ്ററിന് പുറമേ മതിയായ രേഖകൾ ഇല്ലാത്ത ഓട്ടോകളും സർവീസ് നടത്തുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ ഭാഗങ്ങളിൽ ആർ.ടി.ഒയും എൻഫോഴ്‌സ്‌മെന്റും മിന്നൽ പരിശോധന നടത്തി ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ട്.
ജില്ലയിൽ ആറു നഗരസഭകളിലും പഞ്ചായത്ത് പ്രദേശത്തുമായി 45,000ൽ അധികം പാസഞ്ചർ ഓട്ടോകൾ സർവീസ് നടത്തുന്നതായാണ് പ്രാഥമിക കണക്ക്. ഇവയ്ക്ക് മുഴുവൻ ഫെയർ മീറ്റർ നിർബന്ധമാക്കുക പ്രായോഗികമല്ല.
മീറ്ററില്ലെങ്കിൽ പിഴ 250രൂപ
നഗരപ്രദേശങ്ങളിലെ ഓട്ടോകളിൽ മീറ്ററുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും പലതും പ്രവർത്തനസജ്ജമല്ല
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധനയിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നുണ്ട്
ഓട്ടോറിക്ഷകളിൽ മീറ്റർ ഇല്ലെങ്കിൽ 250രൂപയാണ് സാധാരണ പിഴയായി ഈടാക്കുന്നത്
പരാതിയുടെ ഗൗരവം കണക്കിലെടുത്ത് 2000രൂപ വരെ പിഴ ഈടാക്കാമെന്ന് മോട്ടോർ വാഹന നിയമത്തിലുണ്ട്
ഗ്രാമങ്ങളിൽ ആശയക്കുഴപ്പം
ഗ്രാമപ്രദേശങ്ങളിൽ ഒരുവശത്തേക്കുള്ള ചാർജ് ഈടാക്കുമ്പോൾ തിരികെ വരുമ്പോൾ യാത്രക്കാരെ ലഭിച്ചില്ലെങ്കിൽ സർവീസ് നഷ്ടമാകും. ഫെയർ മീറ്റർ ഘടിപ്പിക്കുമ്പോൾ ഇങ്ങനെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാൻ പ്രാദേശിക സ്വഭാവം കണക്കിലെടുത്ത് വിശദമായ ചർച്ച വേണം. പ്രാദേശിക തലത്തിൽ ഇതിന് ആവശ്യമായ തീരുമാനം എടുക്കേണ്ടതായിട്ടുണ്ട്.
45,000
ജില്ലയിൽ ഓട്ടോറിക്ഷകൾ
"സർക്കാർ ഉത്തരവിനേക്കാൾ കൂടുതൽ നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കും. ജില്ലയിൽ ഓട്ടോകൾക്ക് ഫെയർ മീറ്റർ നിർബന്ധമാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല
- ആർ.ടി.ഒ, ആലപ്പുഴ