അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന്റെ നേതൃത്വത്തിൽ വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി ദിവ്യ ജ്യോതി പ്രയാണം സംഘടിപ്പിച്ചു. യോഗം കുട്ടനാട് സൗത്ത് യൂണിയന്റെയും ' പോഷക സംഘടനകളുടെയും, സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. യൂണിയന് കീഴിലെ 40 ശാഖകളിലേക്കുമായാണ് ദിവ്യജ്യോതി പ്രയാണം 2 ദിവസമായി സംഘടിപ്പിച്ചത്. ചെമ്പഴന്തി വയൽ വാരം വീട്ടിൽ നിന്ന് തെളിയിച്ച ദിവ്യജ്യോതി' പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ എടത്വയിൽ എത്തിച്ചു. ഇവിടെ നിന്നാണ് പ്രയാണം ആരംഭിച്ചത്. ഇതിലൂടെ ദക്ഷിണയായും കാണിക്കയായും സംഭാവനയായും ലഭിക്കുന്ന മുഴുവൻ തുകയും വയനാട് ദുരിത ബാധിതർക്കായി നൽകും. യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ്, കൺവീനർ അഡ്വ.പി. സുപ്ര മോദം എന്നിവരുടെ നേതൃത്വത്തിലാണ് യൂണിയന് കീഴിലുള്ള 40 ശാഖകളിലുമായി ദിവ്യ ജ്യോതി പ്രയാണം സംഘടിപ്പിച്ചത്. ദിവ്യ ജ്യോതി പ്രയാണത്തിന് അമ്പലപ്പുഴ കോമന 3715-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.ശാഖാ പ്രസിഡന്റ് പി.ദിലീപ്, സെക്രട്ടറി വി.ഉത്തമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം നൽകിയത്.സ്വീകരണ യോഗം കുട്ടനാട് സൗത്ത് യൂണിയൻ കൺവീനർ അഡ്വ. പി. സുപ്രമോദം ഉദ്ഘാടനം ചെയ്തു, കെ. ബാബുക്കുട്ടൻ, മണിയമ്മ രവീന്ദ്രൻ, ജലജ ഉണ്ണികൃഷ്ണൻ,യൂണിയൻ ഭാരവാഹികളായ, സന്തോഷ് വേണാട്, ഉമേഷ് കോപ്പാറ, പി.സി. ശാന്ത, വിമല പ്രസന്നൻ, ഉണ്ണി ഹരിദാസ്, സുജിത് മോഹൻ. പി.വി. വിജയൻ എന്നിവർ സംസാരിച്ചു.