ആലപ്പുഴ : ഇന്നലെ രാവിലെ ജനറൽ ആശുപത്രിയിലേക്ക് ഫയർ ഫോഴ്സും ആംബുലൻസുകളും അലാറം മുഴക്കിയെത്തിയതോടെ, ആശുപത്രിയിലുണ്ടായിരുന്നവരും പരിസരത്തുണ്ടായിരുന്നവരും വെപ്രാളത്തിലായി. ഫയർഫോഴ്സ് വാഹനത്തിനടുത്തേക്ക് ഏവരും പാഞ്ഞെത്തിയപ്പോഴാണ് ആശങ്ക അകന്നത്. ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെയും ഫയർഫോഴ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന മോക് ഡ്രില്ലാണെന്നറിഞ്ഞതോടെ എല്ലാവർക്കും സമാധാനമായി.
ആശുപത്രിയിയിലെ ഒരു വാർഡിൽ തീപിടുത്തം ഉണ്ടായാൽ എങ്ങനെ കൈകാര്യം ചെയ്യാമെന്നതായിരുന്നു മോക് ഡ്രില്ലിനാധാരം. വടക്ക് ബ്ളോക്കിലെ മുകളിലത്തെ നിലയിലുള്ള 10-ാം വാർഡിനോട് ചേർന്നുള്ള എൻ.സി.ഡി വാർഡാണ് ഇതിനായി തിരഞ്ഞെടുത്തത്.
ആലപ്പുഴ അഗ്നി രക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ എസ്.പ്രസാദിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം , ആശുപത്രി സൂപ്രണ്ട് ആർ.സന്ധ്യ, ചീഫ് കൺസൾട്ടന്റ് ഡോ. കെ.വേണുഗോപാൽ, ആർ.എം.ഒ ഡോ. ആശ, ഡോ. അനുപമ, ഡോ.സെൻ എന്നിവരുടെ നേതൃത്വത്തിലുള്ള 20അംഗ മെഡിക്കൽസംഘം തുടങ്ങിയവർ മോക് ഡ്രില്ലിന്റെ
ഭാഗമായി.