ആലപ്പുഴ : പ്രസ് ക്ലബ് മുതൽ കയർയന്ത്ര നിർമ്മാണ ഫാക്ടറി വരെയുള്ള റോഡിൽ അനധികൃത പാർക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തിയ സബ്കളക്ടറുടെ ഉത്തരവും ഫലം കണ്ടില്ല. അനധികൃത പാർക്കിംഗ് തടസമില്ലാതെ തുടരുന്നു.
ഇതുവഴിയുള്ള യാത്ര വിദ്യാർത്ഥികൾക്കും പ്രദേശവാസികൾക്കും ദുഷ്കരമായതോടെ 2023ലാണ് അന്നത്തെ സബ്കളക്ടർ സൂരജ് ഷാജി പാർക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തിയത്. തോണ്ടൻകുളങ്ങര വാർഡ് പറമ്പിൽ ഹൗസിൽ ദിലീപിന്റെ പരാതിയെ തുടർന്നായിരുന്നു സബ്കളക്ടർ നിയന്ത്രംണം ഏർപ്പെടുത്തിയുള്ള ഉത്തരവ് ഇറക്കിയത്.റോഡിലെ നിയന്ത്രണങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെയും ബന്ധപ്പെട്ടവരെയും സമീപത്തെ സ്കൂൾ അധികൃതർ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സ്കൂൾസമയം ആരംഭിക്കുന്നതിനും അവസാനിക്കുന്നതിനും പത്ത് മിനിട്ട് മുമ്പ് മാത്രം റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാമെന്നായിരുന്നു നിർദ്ദേശം. തീരുമാനങ്ങൾ നടപ്പാക്കുന്നതിന് ട്രാഫിക് പൊലീസിനെ നിയോഗിക്കാനും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് ഇപ്പോഴത്തെ പാർക്കിംഗ്.
കുരുക്ക് മുറുകി, കടന്നുപോകാനാകില്ല
അനധികൃതമായി ഓട്ടോറിക്ഷകളും വാനുകളും കാറുകളും റോഡിന്റെ ഇരുവശത്തും തലങ്ങും വിലങ്ങും പാർക്ക് ചെയ്യുന്നതിനെത്തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി
ആംബുലൻസുകൾക്കു പോലും പോകാനാകാത്ത വിധമാണ് വാഹനങ്ങളുടെ പാർക്കിംഗ്. റോഡിന്റെ സമീപമുള്ള സ്കൂളുകൾ, താലൂക്ക് ഓഫീസ്, അഭിഭാഷകരുടെ ഓഫീസുകൾ തുടങ്ങിയ ഇടങ്ങളിൽ എത്തുന്നവരുടെ വാഹനങ്ങളാണ് ഇവിടെ പാർക്ക് ചെയ്യുന്നത്
വിദ്യാർത്ഥികളെ കൂട്ടിക്കൊണ്ടുപോകാൻ എത്തുന്ന വാഹനങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യുന്നതിന് നഗരസഭ മുൻകൈയ്യെടുത്ത് സ്കൂൾ മാനേജുമെന്റുമായി ചർച്ച ചെയ്യാൻതീരുമാനിച്ചെങ്കിലും പിന്നീട് നടപടി ഉണ്ടായില്ല
അടിയന്തര ഘട്ടത്തിൽ ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കു പോലും പോകാനാകാത്ത വിധമാണ് പാർക്കിംഗ്. വിദ്യാർത്ഥികളെ വിളിക്കാനായി എത്തുന്ന വാഹനങ്ങൾക്ക് സ്കൂൾ ഗ്രൗണ്ടിൽ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തിയാൽ തിരക്ക് ഒഴിവാക്കാനാകും.
- സനാതനം റെസിഡൻസ് അസോസിയേഷൻ, കിടങ്ങാംപറമ്പ് വാർഡ്