ആലപ്പുഴ : സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര നിറവിൽ ആടുജീവിതവും ഉള്ളൊഴുക്കും തിളങ്ങുമ്പോൾ ആലപ്പുഴയ്ക്കും അഭിമാനിക്കാൻ വക ഏറെയുണ്ട്. ആലപ്പുഴക്കാരൻ നജീബിന്റെ കഥയാണ് ലോകം മുഴുവൻ പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയ ബ്ലെസി ചിത്രമായ ആടുജീവിതത്തിൽ പരാമർശിക്കുന്നത്. ക്രിസ്റ്റോ ടോമി ചിത്രമായ ഉള്ളൊഴുക്കിലെ കുട്ടനാട്ടുകാരി ലീലാമ്മ എന്ന കഥാപാത്രമാണ് ഉർവ്വശിക്ക് മികച്ച നടിക്കുള്ള പുരസ്ക്കാരം സമ്മാനിച്ചത്.
ആറാട്ടുപുഴക്കാരൻ നജീബ് സൗദി അറേബ്യയിലെ മണലാരണ്യത്തിൽ രണ്ട് വർഷം അനുഭവിച്ച കൊടിയ യാതനകളാണ് മൂന്ന് മണിക്കൂർ സിനിമയായി പ്രേക്ഷകരിലെത്തിയത്. തന്റെ അനുഭവങ്ങളും മാനസികാവസ്ഥയും ഒട്ടും ചോരാതെ ആവിഷ്ക്കരിക്കപ്പെട്ടു എന്ന വിലയിരുത്തലാണ് സിനിമയെപ്പറ്റി യഥാർത്ഥ നായകനായ നജീബിനുള്ളത്. ആറാട്ടുപുഴയിലെ മണൽ വാരൽ തൊഴിലാളിയിൽ നിന്ന് മണലാരണ്യത്തിലേക്ക് പോകുമ്പോൾ ജനിക്കാൻ പോകുന്ന കുഞ്ഞും, പച്ചപിടിക്കുന്ന പുതുജീവിതവുമായിരുന്നു നജീബിന്റെ മനസ്സിൽ. ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലം വിറ്റ് 1993ൽ കുടുംബത്തോട് എറെ സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയ നജീബ്, സൗദിയിലെ നരകയാതനകൾ താണ്ടി ആലപ്പുഴയിൽ തിരിച്ചെത്തിയപ്പോൾ, സ്വന്തക്കാർക്ക് പോലും തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നു. പഴയ ജീവിതം ദുഃസ്വപ്നമായി മനസ്സിലുണ്ടെങ്കിലും, ഇന്ന് ആലപ്പുഴയുടെ തീരദേശത്ത് മത്സ്യബന്ധനം നടത്തി സമാധാനമായി കഴിയുകയാണ് നജീബ്.
കുട്ടനാടിന്റെ 'ഉള്ളൊഴുക്ക് '
കുട്ടനാടിന്റെ ഹൃദയഭാഷയിലൊരുക്കിയ ചിത്രമായിരുന്നു ഉള്ളൊഴുക്ക്. സംവിധായകൻ ക്രിസ്റ്റോ ടോമിയുടെ മുട്ടാറിലെ കുടംബവീടായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ. ഈ നാടിന് പരിചിതമായ വെള്ളപ്പൊക്കത്തെ, രണ്ടരയേക്കർ വരുന്ന വീട്ടിലും പറമ്പിലും വെള്ളംനിറച്ചായിരുന്നു ചിത്രീകരിച്ചത്. മഴക്കാലത്തെ കുട്ടനാടൻ ജീവിതത്തിന്റെ നേർക്കാഴ്ച്ച കൂടിയായി മാറി ചിത്രത്തിലെ പല രംഗങ്ങളും. ജീവിക്കാൻ പറ്റാത്ത സാഹചര്യമെന്ന് പുറംനാട്ടുകാരിൽ തോന്നൽ ഉളവാക്കുന്നതും അതേസമയം കുട്ടനാട്ടുകാർക്ക് ചിരപരിചിതവുമായ അന്തരീക്ഷം ചിത്രമാകെ നിറഞ്ഞുനിന്നു.