മാന്നാർ : അഴകു കൊണ്ടും പ്രൗഢഗാംഭീര്യം കൊണ്ടും നിർമ്മാണ വൈശിഷ്ട്യം കൊണ്ടും ജലമേളകളിൽ എന്നും ആവേശമായ ചുണ്ടൻ വള്ളങ്ങളുടെ ശ്രേണിയിലേക്ക് ഒരു ജലരാജാവ് കൂടി നാളെ നീരണിയും. പരുമല കടവിൽ തറവാട്ടിൽ നിന്നുമുള്ള കടവിൽ ചുണ്ടൻ വളളത്തിന്റെ നീരണിയൽ ചടങ്ങ് നാളെ നടക്കും.
ഖത്തറിലെ പ്രമുഖഡോക്ടർ കടവിൽ ഡോ.കെ.സി ചാക്കോയും പുത്രൻ ഡോ.അമിത് ജോർജ് ജേക്കബുമാണ് വള്ളം നിർമ്മിച്ചിട്ടുള്ളത്. അൻപത്തിരണ്ടേകാൽ കോൽ നീളവും അൻപത്തിരണ്ട് അംഗുലം വീതിയുമുള്ള കടവിൽ ചുണ്ടനിൽ തൊണ്ണൂറ്റി മൂന്ന് തുഴക്കാരും അഞ്ച് അമരക്കാരും ഒൻപത് താളക്കാരും കയറും. ചുണ്ടൻ വള്ളങ്ങളുടെ പെരുന്തച്ചൻ ഉമാ മഹേശ്വരന്റെ നേതൃത്വത്തിൽ ഒൻപതു മാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഇനി വരാനിരിക്കുന്ന വള്ളംകളി മത്സരങ്ങളിൽ കടവിൽ ചൂണ്ടനും ജല മാമാങ്കങ്ങളിൽ കുതിച്ച് പായും. നാളെ രാവിലെ 11 ന് മാവേലിക്കര ഭദ്രാസന മെത്രാപ്പൊലീത്ത മാത്യൂസ് മാർ എപ്പിഫാനിയോസ് തിരുമേനി ചുണ്ടൻ വള്ളത്തിന്റെ കൂദാശ നിർവ്വഹിക്കും. ആന്റോ ആന്റണി എം.പി, നടൻ കൈലാഷ് എന്നിവർ നീരണിയൽ ചടങ്ങ് നിർവഹിക്കും. കെ.സി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും.